എറണാകുളം: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കേരളം സ്വീകരിച്ച നടപടികൾ വിശദികരിച്ച് എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്വീകരിച്ച നടപടികളെ കുറിച്ച് കേരളത്തെ പ്രതിനിധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാകലക്ടർമാരും പങ്കെടുത്തിരുന്നു.
സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധവും നേട്ടങ്ങളും സുഹാസ് അക്കമിട്ട് വിശദീകരിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി നേടിടുവാൻ കേരളത്തിന് സാധിച്ചുവെന്നും, ആഗോളത്തലത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും കലക്‌ടർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചിട്ടയായും ദീർഘവീക്ഷണത്തോടെയും പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് സുഹാസ് യോഗത്തിൽ അറിയിച്ചു.
ALSO READ:വികസന യാത്രയിൽ പിണറായിക്ക് ആശംസയറിയിച്ച് ദേശീയ നേതാക്കൾ
കൊവിഡിനെ പ്രതിരോധിക്കാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപെടുത്തികൊണ്ട് വളരെ മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. സർവൈലൻസ് മാപ്പിംഗ്, ഗുരുതരാവസ്ഥാസ്ഥിതി വിലയിരുത്തൽ, പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾക്ക് ഏകോപനം നിർവഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആണ്. വാർഡ് തലത്തിൽ ഇവ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കലക്ടർ അവകാശപ്പെട്ടു. ഇത്തരത്തിൽ കാര്യക്ഷമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറയുകയും ആക്ടീവ് കേസുകൾ 47369 ആയി ചുരുങ്ങുകയും ചെയ്തതായി കലക്‌ടർ പറഞ്ഞു .
ALSO READ:കൊവിഡ് പ്രതിരോധം; മാതൃകയായി കൊച്ചി നഗരസഭയിലെ കൊവിഡ് ആശുപത്രി
4500 ആണ് ജില്ലയുടെ പ്രതിദിന ടിപിഎം നിരക്കെന്നും, ഇത് അഖിലേന്ത്യാ തലത്തിൽ ഏറ്റവും മികച്ചതാണെന്നും കലക്‌ടർ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ആരോഗ്യകേന്ദ്രങ്ങളും താലൂക്കുകളിൽ കൊവിഡ് ആശുപത്രികളും സജ്ജികരിച്ച് കൊണ്ട് ഫലപ്രദമായി കൊവിഡിനെ കേരളം നേരിടുന്നുണ്ടെന്ന് കലക്‌ടർ വ്യക്തമാക്കി. ഓക്സിജൻ വാർ റൂം വഴി ആശുപത്രികളുടെ ഓക്സിജൻ ലഭ്യത അതാത് സമയം വിലയിരുത്തുകയും ഓക്സിജൻ നീക്കത്തിനായി പ്രത്യേക ഗതാഗത മാർഗ്ഗങ്ങളും ഏർപ്പെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഓക്സിജൻക്ഷാമം ഒഴിവാക്കാൻ ഓരോ ആശുപത്രികളിലും ഓഡിറ്റിംഗ് നടത്തി വരുന്നുണ്ട്. ബിപിസിഎൽ കാമ്പസിൽ ആരംഭിച്ച താൽക്കാലിക സർക്കാർ കൊവിഡ് ആശുപത്രിയിൽ 400 ബെഡുകൾ പ്രവർത്തനക്ഷമമാക്കിയതായും പൂർണ്ണമായും പ്രവർത്തനസജ്ജമാകുമ്പോൾ 1500 കിടക്കകൾ ഇവിടെ ഉണ്ടാകുമെന്നും കലക്‌ടർ യോഗത്തിൽ അറിയിച്ചു.