എറണാകുളം: കേരള വർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ റീ കൗണ്ടിങ് ഇന്ന് നടക്കും. പ്രിൻസിപ്പാളിന്‍റെ ചേംബറിൽ വച്ചാണ് വീണ്ടും വോട്ടെണ്ണുക (Kerala Varma College Union election recounting). രാവിലെ ഒമ്പത് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കും.
വോട്ടെണ്ണൽ പൂർണമായും വീഡിയോയിൽ പകർത്തും. വിദ്യാർഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്ന് റീ കൗണ്ടിങ് തീരുമാനിച്ചത്. യൂണിയൻ ചെയർമാനായി എസ്എഫ്ഐ നേതാവ് കെ എസ് അനിരുദ്ധ് വിജയിച്ചതായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും വോട്ടെണ്ണാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിൻ്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ ബിരുദ വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചെങ്കിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടുമായിരുന്നു നേടിയത്.
റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. തുടർന്ന് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. റീ കൗണ്ടിങ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ അസാധുവാക്കിയ വോട്ടുകൾ കൂടി എണ്ണിയെന്നും ഇതേ തുടർന്നാണ് എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചത് എന്നുമാണ് ശ്രീക്കുട്ടൻ പ്രധാനനമായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതിയയും വ്യക്തമാക്കിയിരുന്നു. അസാധു വോട്ടുകൾ മാറ്റി പ്രത്യേകമായി സൂക്ഷിക്കണം എന്നതാണ് ചട്ടമെന്നും എന്നാൽ ഇവിടെ ഇത് പാലിക്കപ്പെട്ടില്ലന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.