Kerala Rain| ശക്തമായ മഴ, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പത്തനംതിട്ടയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു - എറണാകുളം മഴ
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ എന്നിവയ്‌ക്ക് അവധി ബാധകം.
Kerala Rain
By
Published : Jul 4, 2023, 6:51 AM IST
|
Updated : Jul 4, 2023, 2:31 PM IST
എറണാകുളം/കാസര്‍കോട്:ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കാസര്‍കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 4) അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്നും ജില്ല കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയാണ് അവധി.
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്‌ടര്‍ അവധി നല്‍കിയിട്ടുണ്ട്. മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്‌ടര്‍ ഇമ്പ ശേഖര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയെ തുടര്‍ന്ന് നഷ്‌ടമാകുന്ന പഠനസമയം ക്രമീകരിക്കാന്‍ വേണ്ടി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്‌ടര്‍ അറിയിച്ചിട്ടുണ്ട്.
കോളജുകള്‍ക്ക് ഇന്നത്തെ അവധി ബാധകമല്ല. അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കാസര്‍കോട് ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു:ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചതായി ജില്ല കലക്‌ടർ അറിയിച്ചു.
ഇന്നലെ കലക്‌ടറേറ്റിൽ എത്തിയ എൻഡിആർഎഫ് സംഘവുമായി ആലപ്പുഴ കലക്‌ടർ ചർച്ച നടത്തി. ആവശ്യമായ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പാക്കാൻ നിർദേശം നൽകുകയും ചെയ്‌തു.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്‌ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ് തുടങ്ങിയ നിര്‍ദേശങ്ങളും കലക്‌ടര്‍ നല്‍കിയിട്ടുണ്ട്.
പമ്പ - അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു:പത്തനംതിട്ടയില്‍ മഴ കനത്തതോടെ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. അച്ചന്‍കോവില്‍ പമ്പ ആറുകളില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. പമ്പയാറ്റിലെ അരയാഞ്ഞിലിമണ്‍, മുക്കം കോസ് വേകള്‍ വെള്ളത്തിനടിയില്‍ മുങ്ങി. ദേശീയ ദുരന്തനിവാരണസേന അടിയന്തര സാഹചര്യം നേരിടാൻ തിരുവല്ലയില്‍ ക്യാമ്പ് ചെയ്യുകയാണ്. 25 അംഗങ്ങളടങ്ങിയ ഒരു യൂണിറ്റാണ് ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നത്.
പത്തനംതിട്ട
ജില്ലയില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കലക്‌ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍: 0468-2322515, 8078808915, ടോള്‍ഫ്രീ നമ്പര്‍:1077