കൊച്ചി: വത്തിക്കാൻ നടപടിയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും അംഗീകരിക്കില്ലെന്ന് വൈദിക സമിതി അസന്നിഗ്‌ധമായി പ്രഖ്യാപിച്ചതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കർദിനാളിനെതിരെയുള്ള പ്രമേയം പള്ളികളിൽ വായിക്കുമെന്ന വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വത്തിക്കാനെയും തള്ളി വൈദികർ: അതിരൂപതയില്‍ അരമന വിപ്ലവം - കർദിനാൾ
വത്തിക്കാന്‍റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടിലാണ് വൈദിക സമിതി

അതേ സമയം, സഭാ ദിനത്തിന്‍റെ ഭാഗമായി ഇന്ന് സെന്‍റ് തോമസ് മൗണ്ടിൽ ഉച്ചക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യും. കർദിനാളിനെതിരായ കലാപം അവസാനിപ്പിക്കില്ലെന്ന വൈദിക സമിതിയുടെ തീരുമാനം ഒന്നുകൂടി ഉറക്കെ പറയുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന യോഗ തീരുമാനങ്ങളുടെ ഉള്ളടക്കം. വത്തിക്കാന്‍റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടിലാണ് വൈദിക സമിതി.
വത്തിക്കാന്‍റെ ഉത്തരവിലെ ഓരോ വരിയും വിശദീകരിച്ച് കൊണ്ട് സീറോ മലബാർ സഭ തന്നെ രംഗത്ത് വന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വൈദിക സമിതി ശക്തി പ്രകടനത്തിന്‍റെ സ്വഭാവത്തിൽ യോഗം ചേർന്ന് മറുപടിയും നലകി. അതിരൂപതയിൽ ആലഞ്ചേരിയുടെ ഭരണം അനുവദിക്കാനാകില്ലെന്ന നിലപാടിൽ വൈദികർ ഉറച്ച് നിന്നാൽ വരുന്ന നാളുകളിൽ പ്രാർത്ഥനച്ചടങ്ങുകളിൽ വരെ പ്രതിസന്ധിയുണ്ടായേക്കാം. അതേ സമയം വിശ്വാസി സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് തർക്കങ്ങളിൽ താത്പര്യമില്ല എന്നതാണ് സത്യം. വത്തിക്കാനെക്കൂടി വൈദികർ തള്ളുന്നതോടെ ആര് ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹരം കാണും എന്ന ചോദ്യവും ഉയരുന്നുണ്ട്.