എറണാകുളം: അർണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാൻ കേരളാ പൊലീസ് തയ്യാറാകുന്നില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. മതസൗഹാർദം തകർക്കുന്നതും കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ അധിക്ഷേപിക്കുന്നതുമായ പരാമർശം നടത്തിയതിനെ തുടർന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ അർണബ് ഗോസ്വാമി വിഷയത്തിൽ താനും പി.സി.വിഷ്ണുനാഥും രേഖമൂലം പരാതി നൽകിയെങ്കിലും കേരളത്തിൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
അർണബിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് മാത്യു കുഴൽനാടൻ - bjp
ബിജെപിക്കും ആർ എസ് എസിനും അനുകൂല സമീപനമാണ് മുഖ്യമന്ത്രിക്കും സർക്കാറിനും ഉള്ളതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
കോൺഗ്രസ് ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പരാതിയെ തുടർന്ന് അർണബിനെതിരെ കേസെടുത്തു. കെ.സുരേന്ദ്രൻ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തപ്പോൾ വളരെ കരുതലോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ഇങ്ങനെയൊരു യാത്ര നടത്തിയത് മുല്ലപ്പള്ളിയായിരുന്നെങ്കിൽ പിണറായിയുടെ പ്രതികരണം ഇങ്ങനെയാകുമായിരുന്നില്ലെന്നും, മുഖ്യമന്ത്രിയും ബി ജെ പിയും തമ്മിൽ വലിയ അന്തർധാര നിലനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഇതിന്‍റെ തുടർച്ചയാണ് അർണബിന് കേരളത്തിൽ ലഭിക്കുന്ന പരിരക്ഷ. അർണബിനെതിരെ കേസെടുക്കാത്തത് ഗുരുതരമായ നിയമ ലംഘനമാണ്. ബിജെപിക്കും ആർ എസ് എസിനും അനുകൂല സമീപനമാണ് മുഖ്യമന്ത്രിക്കും സർക്കാറിനും ഉള്ളതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.