എറണാകുളം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെടിഡിഎഫ്‌സിയുടെ (Kerala Transport Development Finance Corporation Ltd) സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാറിന്‍റെ സത്യവാങ്മൂലത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.
നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാറിന്‍റെ സത്യവാങ്‌മൂലമെന്ന് ചൂണ്ടിക്കാട്ടിയ കോടതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറായോയെന്നും പരിഹസിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്തുണ്ടായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ഇതിന് പിന്നാലെ ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. കെടിഡിഎഫ്‌സിയിലെ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്‌മി നാഥ് ട്രേഡ് ലിങ്ക്സ് നൽകിയ ഹർജിയിൽ അധിക സത്യവാങ്മൂലം നൽകാനും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി (State In Huge Economic Crisis).
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനം ഉന്നയിച്ച് കൊണ്ടിരിക്കവേയാണ് സര്‍ക്കാര്‍ കോടതിയില്‍ ഇത്തരമൊരു സത്യവാങ്‌മൂലം നല്‍കിയത്. സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്‍റെ നിലവിലെ സ്ഥിതി വിശേഷങ്ങള്‍ കേരളത്തിന് പുറത്ത് വിലയിരുത്തപ്പെടുകയെന്ന് കോടതി പറഞ്ഞു. നിലവില്‍ കെടിഡിഎഫ്‌സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം (HC In KTDFC Case).
സര്‍ക്കാറിന്‍റെ ഉറപ്പിന്മേലാണ് കെടിഡിഎഫ്‌സിയില്‍ ജനങ്ങള്‍ പണം നിക്ഷേപിച്ചത്. സര്‍ക്കാറിന്‍റെ സ്ഥിതി ഇങ്ങനെയാണെങ്കിലും ഇനിയാരെങ്കിലും നിക്ഷേപം നടത്താന്‍ മുന്നോട്ട് വരുമോയെന്നും കോടതി ചോദിച്ചു. അതുകൊണ്ട് സത്യവാങ്മൂലം മാറ്റി സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കി (KTDFC KSRTC Issue).