എറണാകുളം : സ്വകാര്യതയാണ് ഒരു വ്യക്തിയുടെ അന്തസിന്‍റെ കാതലെന്ന് ഹൈക്കോടതി. അനാശാസ്യം തടയൽ നിയമപ്രകാരമെടുത്ത കേസിലെ ഇരയുടെ ഓൺലൈൻ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ഡിജിപിക്ക് നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. സമൂഹ മാധ്യമങ്ങളിലടക്കം തന്‍റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പ്രചരണം കടുത്ത അപമാനവും സൈബർ ആക്രമണത്തിനും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇരയുടെ ഹർജി.
സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇത്തരം പ്രചാരണം ഹർജിക്കാരിയുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. സ്വകാര്യത പ്രകടമാക്കുന്നത് വ്യക്തിയുടെ വിശുദ്ധി കൂടിയാണ്. സ്വകാര്യത ഒഴിച്ചുനിർത്തി ഒരു വ്യക്തിയുടെ മഹത്വം നിർണയിക്കാനാകില്ല.
വ്യക്തി മഹത്വത്തിന്‍റെ കാതലാണ് സ്വകാര്യത : മൗലികപരമായ അവകാശങ്ങളുടെ കാതൽ കൂടിയാണ് ഒരു വ്യക്തിയുടെ അന്തസ്. വ്യക്തി മഹത്വത്തിന്‍റെ കാതലായി സ്വകാര്യതയെ കണക്കാക്കണമെന്നും ജസ്‌റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. തൊടുപുഴ സ്‌റ്റേഷനിൽ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഇരയായ ഹർജിക്കാരി ആയുർവേദ തെറാപ്പിസ്റ്റ് കൂടിയാണ്.
കേസിലെ ഇരയായ തന്‍റെ ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചത് കാരണം അപമാനവും, സൈബർ ആക്രമണവും നേരിടുകയാണെന്നും ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരി പൊലീസ് മേധാവിക്കുൾപ്പടെ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി രേഖപ്പെടുത്തിക്കൊണ്ടാണ് ഹർജിക്കാരിയുമായി ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകളടക്കം നീക്കം ചെയ്യാൻ ഡിജിപിക്ക് നിർദേശം നൽകിയത്.
നഗ്ന വീഡിയോ കാണിച്ച് വിവാഹം മുടക്കിയതിന് കേസെടുത്ത് പൊലീസ് : അതേസമയം, ആന്ധ്രപ്രദേശിലെ ഗുഡിവാഡയില്‍ നഗ്ന വീഡിയോ കാണിച്ച് യുവതിയുടെ വിവാഹം മുടക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. കൃഷ്‌ണ ജില്ല സ്വദേശിയായ കാര ന്യൂട്ടണ്‍ ബാബുവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഗുഡിവാഡ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.
ഗുഡിവാഡ സ്വദേശിയായ യുവതിയെ ഫേസ്‌ബുക്കിലൂടെയാണ് കാര ന്യൂട്ടണ്‍ ബാബു പരിചയപ്പെടുന്നത്. ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട ഇരുവരും സൗഹൃദത്തിലായിരുന്നു. അടുപ്പം വര്‍ധിച്ചതോടെ ഇയാളുടെ നിര്‍ദേശപ്രകാരം നഗ്‌നത പ്രദര്‍ശിപ്പിച്ച് യുവതി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു.
കോളിനിടെ വീഡിയോ ദൃശ്യങ്ങള്‍ യുവാവ് റെക്കോര്‍ഡ് ചെയ്‌തിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഏലൂര്‍ ജില്ലയിലെ മണ്ഡവല്ലി സ്വദേശിയായ ഗുര്‍റാം പരംജ്യോതിയുമായാണ് യുവതിയുടെ വിവാഹ നിശ്ചയം നടന്നത്.
മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതില്‍ രോഷാകുലനായ കാര ന്യൂട്ടണ്‍ യുവതിയുടെ നഗ്‌ന വീഡിയോ ഗുര്‍റാം പരംജ്യോതിക്ക് അയച്ചുകൊടുത്തു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇയാള്‍ യുവതിയുടെ വീട്ടുകാരോട് പറഞ്ഞു. ജൂണ്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. എന്നാല്‍, എതിര്‍പ്പ് പ്രകടിപ്പിച്ച സ്വന്തം കുടുംബത്തിന് യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പരംജ്യോതി കൈമാറി.
ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കാര ന്യൂട്ടണെതിരെയും ദൃശ്യങ്ങള്‍ കുടുംബത്തിന് കൈമാറിയ പരംജ്യോതിയ്‌ക്കെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.