എറണാകുളം:തലശേരിയിലെയും ഗുരുവായൂരിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കമ്മിഷന്‍റെ നിലപാട് പരിഗണിച്ച ശേഷമാകും ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിക്കുക. ഞായറാഴ്ച ദിവസം നടത്തിയ അസാധാരണ സിറ്റിംഗിലൂടെയാണ് കോടതി ഹര്‍ജിയില്‍ വാദം കേട്ടത്. അതേ സമയം ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷയുമായി തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു.
സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു സൂക്ഷ്‌മ പരിശോധനയിൽ വരണാധികാരികള്‍ പത്രിക തള്ളിയത്. സ്ഥാനാര്‍ഥിക്ക് ചിഹ്നം അനുവദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഒപ്പോട് കൂടിയ ഫോം എ ഹാജരാക്കാത്തതിനേത്തുടര്‍ന്നാണ് തലശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്‍റെ പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഹരിദാസ് മത്സരിക്കുന്ന തലശേരി ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലം കൂടിയാണ്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതും ബിജെപിക്ക് പ്രതിസന്ധിയായി.