എറണാകുളം: പ്രായപൂർത്തിയാകാത്ത മകളെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന്‍റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് കേരള ഹൈക്കോടതി. തിരുവനന്തപുരം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരായി പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രായപൂർത്തിയാകാത്ത മകളെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതാണ് 44കാരനായ പ്രതിക്കെതിരായ കുറ്റം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376, 377, പോക്‌സോ നിയമം എന്നിവ പ്രകാരം പ്രതിയുടെ പേരിൽ കേസെടുത്തിരുന്നു. അതിജീവിതയുടെ പ്രായം തെളിയിക്കുന്ന രേഖകളുടെ അഭാവത്താൽ പോക്‌സോ കേസ് പ്രകാരം പ്രതിക്ക് നൽകിയ ശിക്ഷ കോടതി റദ്ദാക്കി.
എന്നാൽ കഴിഞ്ഞ വാദത്തിനിടെ നമ്മുടേത് പോലുള്ള യാഥാസ്ഥിതവും പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നതും നിരവധി നിയന്ത്രണങ്ങൾ നിറഞ്ഞതുമായ സമൂഹത്തിൽ അപമാനം, ബഹിഷ്‌കരണം, നാണക്കേട് എന്നിവയൊക്കെ ഭയന്ന് ആരും താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് തെറ്റായ ആരോപണം ഉന്നയിക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. ബ്രിട്ടനിലും ഇന്ത്യയിലും പ്രതിപാദിച്ചിരിക്കുന്ന നിയമം ഒന്നുതന്നെയാണെന്ന് തോന്നാമെങ്കിലും രണ്ട് രാജ്യങ്ങളിലെയും സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യസ്‌തത കാരണം ചട്ടങ്ങളിലും അവ നടപ്പാക്കുന്നതിലും വ്യത്യാസമുണ്ട്. ഇന്ത്യയിൽ കൂട്ടുപ്രതിയുടെ മൊഴിയേക്കാൾ ഇരയുടെ മൊഴിക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇരയുടെ മൊഴിയെ ആശ്രയിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മൊഴിക്ക് സാധുത നൽകുന്ന തെളിവുകളെ കോടതിക്ക് ആശ്രയിക്കാമെന്ന് ഇന്ത്യയിലും ബ്രിട്ടനിലും നിലവിലുള്ള നിയമങ്ങളെ പരാമർശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
ഇരുപക്ഷത്തുനിന്നുമുള്ള വാദങ്ങൾ കേട്ട കോടതി കീഴ്‌ക്കോടതി വിധിച്ച ശിക്ഷയിൽ ഇടപെടാൻ ഒരു കാരണവുമില്ലെന്ന് വ്യക്തമാക്കി. കേസിൽ സമർപ്പിച്ച തെളിവുകൾ എല്ലാം സംശയാതീതമായി പ്രതി കുറ്റംചെയ്‌തുവെന്ന് തെളിയിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.