എറണാകുളം:ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. സന്നിധാനത്ത് തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അഷ്‌ടാഭിഷേകത്തിന്‍റെയടക്കം എണ്ണം കുറച്ച് ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ ഉത്തരവ്. 75,000ത്തിന് മുകളിൽ തീർഥാടകർ എത്തുന്ന ദിവസം, അഷ്‌ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണമെന്നും കോടതി പറഞ്ഞു.
'ദർശനം സുഗമമാക്കണം'; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിര്‍ദേശം - ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ ഉത്തരവ്
ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് ദർശനം സുഗമമാക്കാനുള്ള നിര്‍ദേശം ഹൈക്കോടതി പുറപ്പെടുവിച്ചത്
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് പബ്ലിക് അനൗൺസ്മെന്‍റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പമ്പ-നിലക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ പത്തനംതിട്ട ജില്ല കലക്‌ടര്‍ ഉറപ്പുവരുത്തണം. അന്നദാന സൗകര്യങ്ങളെക്കുറിച്ച് ദേവസ്വം ഓഫിസർ ശ്രദ്ധിക്കണം. വാഹന ഗതാഗത നിയന്ത്രണവും കാര്യക്ഷമമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.
കുറച്ചുദിവസങ്ങളായി ശബരിമലയിൽ വൻ ഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. നിലയ്ക്കലിലേക്കുള്ള കെഎസ്‌ആർടി ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് സന്നിധാനത്തെത്തുന്ന ഭക്തരുടെ കണക്കും അഷ്‌ടാഭിഷേകമടക്കം നടത്തിയതിന്‍റെ വിവരങ്ങളും തിങ്കളാഴ്‌ച (ഡിസംബര്‍ 12) സ്പെഷ്യൽ കമ്മിഷണർ, ഹൈക്കോടതിയിൽ സമർപ്പിക്കും.