എറണാകുളം:ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പൊലീസ് അപമാനിച്ച വിഷയത്തിൽ പൊലീസുകാരി ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. കുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തുന്നതായാണ് അപേക്ഷയിലുള്ളത്. അഭിഭാഷകൻ മുഖേനയാണ് കോടതിയിൽ അപേക്ഷ നല്‍കിയത്.
പിങ്ക് പൊലീസിനെതിരെ നഷ്ട്ടപരിഹാരമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ വീണ്ടും രൂക്ഷവിമർശനവുമാണ് ഹൈക്കോടതി നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കാരണം കുട്ടിക്ക് മാനസികാഘാതം ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു.
Also Read: Pink Police harassment in Kerala: പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ; കേസെടുക്കാന്‍ നിര്‍ദേശം
പൊലീസുകാരിക്കെതിരെ ബാലനീതി പ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടറെ ഓൺലൈൻ വഴി വിസ്തരിക്കാനും കോടതി തീരുമാനിച്ചു. കുട്ടിയുടെ മൊഴിയടക്കമുള്ള റിപ്പോർട്ട് കോടതി പരിശോധിച്ചു. പെൺകുട്ടി പറഞ്ഞത് നുണയല്ലെന്ന് വ്യക്തമായി. പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും നൽകണം.
ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽപൊരുത്തക്കേടുണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണമല്ല. കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനായി സർക്കാർ എന്ത് നടപടി എടുക്കുമെന്നും കോടതി ചോദിച്ചു.