കൊച്ചി: ബധിര വിദ്യാർഥികൾക്കായി 2022-23 അധ്യയന വർഷം മുതൽ എയ്‌ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാൻ അനുവദിക്കണമെന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഹർജിയിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്‍റെ പ്രതികരണം തേടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു. ബധിര വിദ്യാർഥികൾക്കായുള്ള എയ്‌ഡഡ് കോളജിന് മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേഷൻ വേണമെന്നും ഹര്‍ജിക്കാരായ സേക്രഡ് ഹാർട്ട് ക്ലാരിസ്റ്റ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റി ആവശ്യപ്പെട്ടു.
230 വിദ്യാർഥികൾ പഠിക്കുന്ന മാണിക്കമംഗലത്ത് ബധിര വിദ്യാലയം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും വാദത്തിലുണ്ട്. 5.71 ഏക്കർ സ്ഥലവും 100 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള പാർപ്പിടമുൾപ്പെടെയുള്ള കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ക്കുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോളജിനുള്ള അനുമതിക്കും എൻഒസിക്കും അപേക്ഷ നൽകിയിരുന്നു. എന്നാല്‍ ഇതുവരെ ലഭിച്ചില്ല. അതിനാല്‍ തന്നെ കോടതി ഇടപെട്ട് എയ്‌ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാൻ അനുമതി നല്‍കണമെന്നാണ് വാദം.