എറണാകുളം: തട്ടേക്കാട് ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബോട്ട് ഉടമയും ഡ്രൈവറുമായ പി.എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. ഇടമലയാർ അഡീഷണൽ സെഷൻസ് കോടതി ഇയാളെ 2008-ൽ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ രാജു നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധി.
തട്ടേക്കാട് ബോട്ട് ദുരന്തം; പ്രതിയുടെ തടവ് ശിക്ഷ രണ്ട് വർഷമായി കുറച്ച് ഹൈക്കോടതി - പി.എം രാജു
ബോട്ട് ഉടമയും ഡ്രൈവറുമായ പി.എം രാജുവിനെ 2008-ൽ ഇടമലയാർ അഡിഷണൽ സെഷൻസ് കോടതി അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു

മനപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ചുമത്തിയായിരുന്നു അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഹൈക്കോടതി സംഭവത്തെ അപക്വവും ഉദാസീനവുമായ പ്രവർത്തനമെന്ന് വിലയിരുത്തിയാണ് ശിക്ഷ വിധി രണ്ട് വർഷമായി കുറച്ചത്. ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാടാണ് 2007 ഫെബ്രുവരി 20 ബോട്ട് മുങ്ങി 18 പേർ മരിച്ചത്. അങ്കമാലി എളവൂർ സെന്‍റ് ആന്‍റ്ണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ 15 വിദ്യാർഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരിച്ചത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്‍റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണമായി കണ്ടെത്തിയത്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്.