കേരളം

kerala

ETV Bharat / state

ശബരിമലയില്‍ ദര്‍ശനസമയം നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി - ഹൈക്കോടതി

കഴിഞ്ഞ ദിവസം മരക്കൂട്ടത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക സിറ്റിങ്ങിലാണ് ദര്‍ശനസമയം ഒരുമണിക്കൂര്‍ നീട്ടാന്‍ സാധിക്കുമോ എന്ന നിര്‍ദേശം ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് മുന്നിലേക്ക് വച്ചത്

sabarimala  sabarimala Pilgrimage rush  sabarimala Pilgrimage  kerala high court on sabarimala Pilgrimage rush  kerala high court  ശബരിമല  ഹൈക്കോടതി  ദേവസ്വം ബോര്‍ഡ്
Sabarimala

By

Published : Dec 11, 2022, 2:13 PM IST

Updated : Dec 11, 2022, 4:00 PM IST

ശബരിമലയില്‍ ദര്‍ശനസമയം നീട്ടി തിരക്ക് നിയന്ത്രിക്കാനാകുമോയെന്ന് ഹൈക്കോടതി

എറണാകുളം : തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ ശബരിമലയില്‍ ദര്‍ശന സമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി. ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടിനല്‍കാനാണ് കോടതിയുടെ നിര്‍ദേശം. നിലവില്‍ ശബരിമലയില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം.

അതേസമയം വിഷയത്തില്‍ തന്ത്രിയുമായി ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മരക്കൂട്ടത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രത്യേക സിറ്റിങ് നടത്തവേയാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. മരക്കൂട്ടത്തുണ്ടായ അപകടം സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ട് തേടിയ കോടതി തിരക്ക് നിയന്ത്രിക്കുവാൻ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശം നൽകി.

ഒരു ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകരാണ് സന്നിധാനത്ത് എത്തുന്നതെന്നും പുലർച്ചെ ദർശനം കഴിഞ്ഞും ഭക്തര്‍ സന്നിധാനത്ത് തുടരുന്നുണ്ടെന്നും ജില്ല കലക്ടര്‍ കോടതിയെ അറിയിച്ചു. മണിക്കൂറില്‍ 4800 പേര്‍ക്ക് പതിനെട്ടാം പടി കയറാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന തീർഥാടകാർക്ക് ചുക്ക് വെള്ളം, ബിസ്‌ക്കറ്റ് എന്നിവ നൽകുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

മരക്കൂട്ടം മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കളക്‌ടർക്ക് കോടതി നിർദേശം നൽകി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ല കലക്ടർ ഇക്കാര്യം ഉറപ്പാക്കണമെന്നും ദേവസ്വം ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ തിരക്കേറിയ സാഹചര്യത്തില്‍ ഒരു തീർഥാടകനും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം. ളാഹ മുതൽ നിലയ്ക്ക‌ൽ വരെ പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണം. നിലയ്ക്ക‌ലിലെ പാർക്കിങ് പരിധി കഴിഞ്ഞതിനാൽ ട്രാഫിക് നിയന്ത്രണം കർശനമാക്കാനും, ഇക്കാര്യത്തില്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിഷയം അടുത്ത ദിവസം വീണ്ടും പരിഗണിക്കും.

തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്‌ടാഭിഷേകത്തിന്‍റെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. 75,000-ത്തിന് മുകളിൽ തീർഥാടകർ എത്തുന്ന ദിവസം അഷ്‌ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം. തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്‍റ് സംവിധാനം വഴി ഭക്തരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു.

Last Updated : Dec 11, 2022, 4:00 PM IST

ABOUT THE AUTHOR

...view details