എറണാകുളം :കണ്ണൂര്‍ സര്‍വകലാശാലയില്‍അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തിൽ വിമർശനവുമായി ഹൈക്കോടതി. ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന പ്രിയ വർഗീസിന്‍റെ വാദത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സ്ക്രൂട്ടിനി കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിയ്ക്കാവശ്യമുള്ളൂവെന്ന് സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
അധ്യാപന പരിചയം കെട്ടുകഥയല്ല, അത് വസ്‌തുതാപരമാകണം. അധ്യാപന പരിചയമെന്നാൽ അത് അധ്യാപനം തന്നെയാകണം. അത് ഗൗരവമുള്ള ജോലി ആണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്റ്റുഡന്‍റ് സർവീസസ് ഡയറക്‌ടർ പദവിയിൽ ഇരിക്കെ പഠിപ്പിച്ചിരുന്നോ, ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
എൻഎസ്എസ് കോർഡിനേറ്റർ എന്നത് അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ല. നാഷണൽ സർവീസ് സ്‌കീമിൽ എവിടെയാണ് അധ്യാപന ജോലി ഉള്ളതെന്നും കോടതി ചോദിച്ചു. എൻഎസ്എസിന് പോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. സ്റ്റുഡന്‍റ് സർവീസസ് ഡയറക്‌ടർ പദവി സംബന്ധിച്ച വാദത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.