കേരളം

kerala

ETV Bharat / state

Kerala High Court On Judges: 'നീതിയുടെ ദേവാലയമാണെങ്കിലും ജഡ്‌ജിമാർ ദൈവങ്ങളല്ല, കൈകൂപ്പേണ്ടതില്ല, മര്യാദ കാത്തുസൂക്ഷിച്ചാൽ മതി' ; ഹൈക്കോടതി

Courts are the temples of justice but judges are not gods: തനിക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ആലപ്പുഴ സ്വദേശിനിയായ ഹര്‍ജിക്കാരിയോടാണ്‌ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍ ഇക്കാര്യം പറഞ്ഞത്

Courts are temple of Justice  Kerala High Court verdict  ജഡ്‌ജിമാർ ദൈവങ്ങളല്ല  Judges are not gods  Kerala High Court news  കേരള ഹൈക്കോടതി  കോടതി വാർത്തകൾ  Kerala High Court on Judges  ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ  Justice PV Kunhikrishnan
Courts are temple of Justice

By ETV Bharat Kerala Team

Published : Oct 14, 2023, 3:03 PM IST

എറണാകുളം : കോടതികൾ നീതിയുടെ ദേവാലയങ്ങളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ജഡ്‌ജിമാർ ദൈവങ്ങളല്ലെന്നും, പരാതിക്കാരും അഭിഭാഷകരും കൈകൂപ്പേണ്ടതില്ലെന്നും ഹൈക്കോടതി (Kerala High Court On Judges). കോടതി മുറിയ്ക്കുള്ളിൽ മര്യാദ മാത്രം കാത്തു സൂക്ഷിച്ചാൽ മതിയെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്‌ണൻ. ആലപ്പുഴ സ്വദേശിനിയ്‌ക്കെതിരായ കേസ് നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജഡ്‌ജിമാർ അവരുടെ ഭരണഘടനാപരമായ ചുമതലകളാണ് നിർവഹിക്കുന്നത്. പരാതിക്കാരോ, അഭിഭാഷകരോ, കോടതിയുടെ മുന്നിൽ കൈകൂപ്പേണ്ടതില്ല. കാരണം കേസുകൾ വാദിക്കുകയെന്നത് ഭരണഘടന നൽകുന്ന അവകാശമാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. നിറകണ്ണുകളോടെ, തൊഴുകയ്യാൽ, സ്വന്തം കേസ് ഹർജിക്കാരി വാദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഇത്തരമൊരു നിരീക്ഷണം.

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടറാണ് 2019 ഏപ്രിൽ മാസം ഹർജിക്കാരിക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസിലെ പരാതിക്കാരൻ. ഹർജിക്കാരി പൊലീസ് ഉദ്യോഗസ്ഥനെ ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നതിന്‍റെ പേരിലായിരുന്നു കേസ്. എന്നാൽ വീടിന് സമീപത്തെ പ്രാർത്ഥന കേന്ദ്രത്തിൽ നിന്നുള്ള ശബ്‌ദം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരി ആലപ്പുഴ എസ്‌പിയ്ക്ക് പരാതി നൽകുകയും, മേലുദ്യോഗസ്ഥന്‍റെ നിർദേശാനുസരണം എസ്ഐ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഈ വിഷയം സൂചിപ്പിക്കാനായി വിളിച്ച തന്നോട് പൊലീസുകാരൻ മോശമായി പെരുമാറിയെന്നും ഇതു സംബന്ധിച്ച് എസ്‌പിക്ക് പരാതി നൽകിയിരുന്നതായും ഹർജിക്കാരി കോടതിയെ ബോധിപ്പിച്ചു. പരാതിയുടെ പകർപ്പും ഹാജരാക്കിയിരുന്നു. പരാതി നൽകിയ സമയവും ഹർജിക്കാരിക്കെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമയവും ഹൈക്കോടതി പരിശോധിച്ചു.

സമയക്രമത്തിലുണ്ടായ വ്യത്യാസം ബോധ്യപ്പെട്ട കോടതി, എസ്‌പിക്കു നൽകിയ പരാതിക്ക് ബദലായി പൊലീസുദ്യോഗസ്ഥൻ ഹർജിക്കാരിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി. പൊലീസുകാരനെ പരാതിക്കാരി വിളിച്ച് അസഭ്യം പറയുന്ന സംഭവം സാധാരണഗതിയില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നതാണെന്ന് വിശ്വസിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരിയുടെ കേസ് നടപടികളും റദ്ദാക്കി. 2019-ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

അതേസമയം ഹർജിക്കാരിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്‍റെ പശ്ചാത്തലമടക്കം അന്വേഷിക്കാൻ ആലപ്പുഴ എസ്‌പിക്കും കോടതി നിർദേശം നൽകി. ആരോപണ വിധേയനായ പൊലീസുകാരന്‍റെ ഭാഗത്തു നിന്നും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചതിൽ വിശദീകരണം തേടി കോടതി; വയനാട് വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ വിശദീകരണം നൽകണം. എന്ത് സാഹചര്യത്തിലാണ്‌ ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത് എന്നാണ് വിശദീകരിക്കേണ്ടത്. സർക്കാരിനും, മലബാർ ദേവസ്വം ബോർഡിനുമാണ് കോടതി നോട്ടിസ്.

പത്തുവർഷത്തിലേറെയായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രം ട്രസ്റ്റികൾ കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്‍റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദേശമുണ്ട്. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച അപാകതകൾ ദേവസ്വം ബോർഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം. സഹകരണ ബാങ്കുകളിൽ നിന്നും മാറ്റി ദേശസാത്കൃത ബാങ്കുകളിൽ ക്ഷേത്ര ഫണ്ട് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.

മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന വയനാട് വള്ളിയൂർക്കാവ് ദേവീ ക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിനെതിരെ ഒരുകൂട്ടം ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ഹർജിയിലെ ആരോപണം. ക്ഷേത്ര ഫണ്ട് നിക്ഷേപിച്ച സഹകരണ സംഘങ്ങളുടെ വിശദാംശങ്ങൾ അടക്കം വ്യക്തമാക്കിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details