എറണാകുളം:അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. ഇവര്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് കോടതി ഉത്തരവ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
'അനധികൃത ബാനറുകളും കൊടികളും സ്ഥാപിച്ചാല്‍ ക്രിമിനൽ കേസെടുക്കണം'; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി - kerala hc on illegal banners and flags
പൊതുയിടങ്ങളിലെ അനധികൃത ബാനറുകളും കൊടികളും നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് നിര്‍ദേശമുണ്ട്. അധികൃതര്‍ അനാസ്ഥ കാണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
റോഡരികിലെ അനധികൃത ബാനറുകളും കൊടികളും നീക്കം ചെയ്യുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ അലംഭാവം തുടരുന്നതിനിടെയാണ് വിഷയത്തിൽ ഹൈക്കോടതിയുടെ കർശന നടപടി. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്‌എച്ച്‌ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. കൂടാതെ അനധികൃത ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്‌തതായി അതാത് തദ്ദേശ സെക്രട്ടറിമാർ കോടതിയെ അറിയിച്ചു. ഈ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാതയോരത്തെ അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാനായി നിരവധി ഇടക്കാല ഉത്തരവുകൾ ഇറക്കിയിട്ടും അവ നടപ്പിലാക്കാത്തതിൽ ഹൈക്കോടതി നേരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ദുരന്തമോ അപകടമോ ഉണ്ടാകുന്നതുവരെ ഉത്തരവുകൾ നടപ്പാക്കാതെ കാത്തിരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു കോടതിയുടെ വിമർശനം.