കൊച്ചി: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിവാഹിതരാകാനോ, വിവാഹം രജിസ്‌റ്റർ ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. വരുന്ന ഓഗസ്‌റ്റ് 21ന് ക്ഷേത്രത്തില്‍ വിവാഹിതരാകാനോ, വിവാഹം രജിസ്‌റ്റർ ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കണമെന്ന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയോടും ഗുരുവായൂർ മുനിസിപ്പാലിറ്റിയോടുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ക്ഷേത്രത്തിൽ ഓഗസ്‌റ്റ് 21ന് വിവാഹ ബുക്കിങ് അവസാനിപ്പിച്ചതായി കാണിച്ച് ഒരു മലയാളം ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്‌കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിര്‍ദേശം.
അസൗകര്യങ്ങളില്ലാതെ വിവാഹങ്ങള്‍ നടക്കട്ടെ; ഗുരുവായൂര്‍ ദേവസ്വത്തിനും മുനിസിപ്പാലിറ്റിക്കും ഹൈക്കോടതി നിര്‍ദേശം - Latest News Kerala
ഓഗസ്‌റ്റ് 21ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വത്തിനും മുനിസിപ്പാലിറ്റിക്കും ഹൈക്കോടതിയുടെ നിര്‍ദേശം
ഓഗസ്‌റ്റ് 21 ന് വിവാഹ ബുക്കിങ് 200 കടന്നതിനാലാണ് അന്നേ ദിവസത്തെ വിവാഹങ്ങൾ നടത്താനുള്ള ഓൺലൈൻ ബുക്കിങ് നിർത്താൻ തീരുമാനിച്ചതെന്ന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി കോടതിയെ അറിയിച്ചു. തുടര്‍ന്ന്, നിലവിലുള്ള മൂന്ന് വിവാഹമണ്ഡപങ്ങള്‍ക്ക് നടപ്പന്തലില്‍ പുറമെ രണ്ടെണ്ണം കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചതായും സമിതി കോടതിയെ ബോധിപ്പിച്ചു. ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്‌റ്റ് എട്ട് മുതല്‍ ഓഗസ്‌റ്റ് 21 ലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുമെന്നും സമിതി വ്യക്തമാക്കി.
പ്രവൃത്തി ദിവസങ്ങളിലും, അവധി ദിവസങ്ങളിലും വിവാഹ രജിസ്‌ട്രേഷനായി രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ടെന്ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും ഹൈക്കോടതിയെ അറിയിച്ചു. ഓഗസ്‌റ്റ് 21 ന് വിവാഹം നടത്താനുദ്ദേശിക്കുന്നവരുടെ ബുക്കിങ്ങിന്‍റെ എണ്ണം പരിഗണിച്ച് രജിസ്‌ട്രേഷന് വേണ്ടി ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. സമിതിയുടെയും മുനിസിപ്പാലിറ്റിയുടെയും സബ്‌മിഷന്‍ രേഖപ്പെടുത്തിയ കോടതി ഓഗസ്‌റ്റ് 21 ന് വിവാഹം ബുക്ക് ചെയ്‌തവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിച്ച് ഹർജി തീർപ്പാക്കി.