എറണാകുളം : ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി. എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ലൈംഗിക പീഡന പരാതി പിന്നീടല്ലേ ഉയരുന്നതെന്ന ചോദ്യവും കോടതി ആവർത്തിച്ചു. മാനസികമായും അല്ലാതെയും വളരെ അടുപ്പത്തിൽ ആയിരുന്നുവെന്ന് മൊഴിയിൽ ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു.
ഇരകൾക്ക് വേണ്ടി നിലനിൽക്കേണ്ട ആളാണ് എംഎൽഎയെന്നും കോവളം സിഐ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും കേസ് ഡയറി ഹാജരാക്കിക്കൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ ആദ്യ മൊഴി വായിച്ചാൽ ബന്ധം പരസ്‌പര സമ്മതത്തോട് കൂടിയാണെന്ന് കൃത്യമായി മനസിലാകുമെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ നോ പറഞ്ഞാൽ അത് ബലാത്സംഗം തന്നെയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ലൈംഗിക തൊഴിലാളിക്ക് പോലും നോ എന്ന് പറയാൻ അവകാശം ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ സാഹചര്യം കൂടി പരിശോധിക്കണമെന്നായിരുന്നു ഈ വാദത്തോട് കോടതിയുടെ പ്രതികരണം. എൽദോസിന്‍റെ കുടുംബം സ്വാധീനിച്ചിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി നവംബർ 15ന് വീണ്ടും പരിഗണിക്കും.