എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച മൂൻകൂർ ജാമ്യ ഹർജി തീർപ്പായില്ല. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ദിലീപ് ഉൾപ്പടെ 6 പ്രതികളും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. വീഴ്‌ച വരുത്തിയാൽ ഗുരുതരമായി കണക്കാക്കുമെന്നും ഉത്തരവ് റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.
ഈമാസം 27 വരെ അറസ്റ്റില്ല
അതേസമയം ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്‌ച പ്രോസിക്യൂഷൻ ഹാജരാക്കണം. വ്യാഴാഴ്‌ച മുൻകൂർ ജാമ്യ ഹർജികൾ വീണ്ടും പരിഗണിക്കും.
ഹൈക്കോടതി പ്രത്യേകമായി സിറ്റിങ് നടത്തി പരിഗണിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായാണ് വാദം കേട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ നോക്കി പറഞ്ഞ ശാപവാക്കുകൾ എങ്ങിനെയാണ് ഗൂഢാലോചന ആവുകയെന്ന വാദവും ദിലീപിന്‍റെ അഭിഭാഷകൻ രാമൻ പിള്ള ഉന്നയിച്ചു.
എന്നാൽ ഇത് മാത്രമല്ല മറ്റ് കാര്യങ്ങൾ കൂടി ഉണ്ടായതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പൊലീസിന് കൂടുതൽ തെളിവ് കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഡിജിപി അറിയിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയാണ്. സാക്ഷികളെ മൊഴിമാറ്റാൻ ശ്രമിച്ചതിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ഗൗരവതരമായ ആരോപണം എന്ന് കോടതി വിലയിരുത്തി. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട്. പൊലീസ് സമർപ്പിച്ച തെളിവുകൾ പ്രകാരം എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. പ്രോസിക്യൂഷൻ മുദ്രവെച്ച കവറിൽ ഹാജരാക്കിയ തെളിവുകൾ കോടതി പരിശോധിച്ചു. അസ്വസ്ഥപ്പെടുത്തുന്ന ചില കാര്യങ്ങൾ അതിൽ ഉണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Also Read: 'പ്രോസിക്യൂഷന്‍റെ ആരോപണം ഗൗരവം'; കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി