കേരളം

kerala

ETV Bharat / state

'പിടിയിലായശേഷമുള്ള ആനയുടെ ദുരിതത്തെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ' ; അരിക്കൊമ്പനെ ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്നത് സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Kerala High Court on arikkomban issue  arikkomban  Kerala High Court  wild elephant kerala  idukki wild elephant issue  അരിക്കൊമ്പന്‍  ഹൈക്കോടതി  നെന്മാറ എംഎൽഎ കെ ബാബു  Nenmara MLA K Babu
അരിക്കൊമ്പനെ ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി

By

Published : Apr 12, 2023, 4:44 PM IST

Updated : Apr 12, 2023, 4:55 PM IST

എറണാകുളം : അരിക്കൊമ്പനെ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ഹൈക്കോടതി. പറമ്പിക്കുളത്തേക്ക് മാറ്റുന്ന കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. എവിടേക്ക് മാറ്റണമെന്നുള്ളത് സർക്കാരിന് തീരുമാനിക്കാം.

ചിന്നക്കനാലിൽ നിന്ന് മാറ്റണമെന്ന ഉത്തരവിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ പുനഃപരിശോധനാ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. പറമ്പിക്കുളം മേഖലയിലുള്ളവരുടെ അഭിപ്രായം തേടാതെയും വസ്തുതകൾ പരിഗണിക്കാതെയും വിദഗ്‌ധ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ ഇവിടേക്ക് മാറ്റാന്‍ തീരുമാനിച്ചത് എന്ന് ആരോപിച്ചായിരുന്നു എംഎൽഎയുടെ ഹർജി.

ആനയെ പിടികൂടാനുള്ള സർക്കാർ തീരുമാനത്തേയും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വിമർശിച്ചു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

പറമ്പിക്കുളം നല്ലതല്ലെങ്കിൽ അത് സർക്കാരിനോട് പറഞ്ഞുകൂടേ. എന്തിന് കോടതിയെ ചോദ്യം ചെയ്യുന്നു. നൂറുകണക്കിന് ആളുകളെ ബാധിക്കുന്ന വിഷയമാണിത്. അതിന്‍റെ തീവ്രത ആരും മനസ്സിലാക്കുന്നില്ല.

സഹജീവികൾക്ക് വേണ്ടി ഒരു ആനയെ മാറ്റാൻ പോലും ആളുകൾ സമ്മതിക്കുന്നില്ല. എല്ലാവരും സ്വാർഥരാണെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം അരിക്കൊമ്പൻ വിഷയം ഈ മാസം 19 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

റേഡിയോ കോളർ ഉടനെത്തും:അരിക്കൊമ്പന്‍റെ ദേഹത്ത് ഘടിപ്പിക്കാനുള്ള റേഡിയോ കോളർ, വരും ദിവസങ്ങളില്‍ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പിനുള്ളത്. റേഡിയോ കോളർ എത്തിയാൽ മോക് ഡ്രിൽ ഒഴിവാക്കി, ദൗത്യം വേഗത്തിൽ പൂർത്തിയാക്കാനാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. അരിക്കൊമ്പനായി അസമിൽ നിന്നുമാണ് സാറ്റലൈറ്റ് റേഡിയോ കോളർ എത്തിക്കുന്നത്.

ഇതിനായി അസം വനംവകുപ്പ് മേധാവിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതു ലഭിച്ച് കഴിഞ്ഞാല്‍ വിമാനമാർഗമാവും റേഡിയോ കോളർ കേരളത്തിൽ എത്തിക്കുക. തുടർന്ന്, കഴിയുന്നത്രയും വേഗത്തില്‍ ദൗത്യം പൂർത്തിയാക്കാനുള്ള നടപടികളും വനം വകുപ്പ് ആരംഭിക്കും. ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന സിമന്‍റ് പാലത്തിന് സമീപമേഖലകളിലാണ് ഏതാനും ആഴ്‌ചകളായി അരിക്കൊമ്പൻ തമ്പടിച്ചിരിക്കുന്നത്.

ഒഴിയാതെ ആശങ്ക:ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും അരിക്കൊമ്പനൊപ്പമുണ്ട്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചുമാറ്റുന്നതിന് വേണ്ടിയുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നുവെങ്കിലും മേഖലയിലെ അശങ്ക ഒഴിവായിട്ടില്ല. അരിക്കൊമ്പന്‍ വിട് അക്രമിക്കുന്നതും പതിവ് സംഭവമായിരിക്കുകയാണ്.

സൂര്യനെല്ലി ആദിവാസി കോളനിയിൽ ഏപ്രില്‍ 10ന് രാത്രിയിലും കാട്ടാനയുടെ ആക്രമം അരങ്ങേറിയിരുന്നു. കോളനി നിവാസിയായ ലീലയുടെ വീടായിരുന്നു അരിക്കൊമ്പന്‍ ആക്രമിച്ചത്. വീടിന്‍റെ അടുക്കളയും മുൻവശവും കാട്ടാന തകർത്തു.

അടുക്കള തകർത്ത കാട്ടാന അരി തിന്നതിന് ശേഷം വീടിന്‍റെ മുൻവശവും ഇടിച്ചു നിരത്തുകയായിരുന്നു. ഈസമയം വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു. മയക്കുവെടി വച്ച് അരിക്കൊമ്പനെ പിടിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള ഉത്തരവ് ഇറങ്ങിയതിന് ശേഷം കാട്ടാന ഇടിച്ചു തകർക്കുന്ന പതിനെട്ടാമത്തെ വീടായിരുന്നുവിത്.

ALSO READ: എച്ച് 3 എന്‍ 8 പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന

Last Updated : Apr 12, 2023, 4:55 PM IST

ABOUT THE AUTHOR

...view details