എറണാകുളം : അഴിമതി ആരോപണളുടെ പേരിൽ റോഡ് ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ കാമറകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സ്വദേശിയായ മോഹനൻ നൽകിയ സ്വകാര്യ ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശം.
ചികിത്സ കാരണങ്ങളാൽ ഹെൽമറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും എഐ കാമറ പിഴയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എഐ കാമറ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും കോടതി അഭിനന്ദിച്ചു. എന്നാൽ ഇത്തരം സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിൽ പാകപ്പിഴകളുണ്ടാകാം, അത് വഴിയെ തിരുത്തപ്പെടേണ്ടതാണ്. എഐ കാമറ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് പോലും എതിർപ്പില്ലെന്നും ക്യാമറ വാങ്ങിയതിലെ സുതാര്യതയെയാണ് ചോദ്യം ചെയ്‌തതെന്നും കോടതി വ്യക്തമാക്കി. പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ നിരീക്ഷിച്ചു.
ചികിത്സ കാരണങ്ങളുടെ പേരിൽ ഇത്തരമൊരു ഇളവ് അനുവദിക്കാനാകില്ല എന്നും ഇരുചക്ര വാഹന യാത്രികന്‍റെ സുരക്ഷയ്ക്കായാണ് ഹെൽമറ്റ് ഉപയോഗിക്കണമെന്ന ചട്ടമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അസുഖം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെ ഹർജിക്കാരന് പ്രയോജനപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. ഡിജിപിയോടടക്കം ഇളവ് അനുവദിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നേരത്തെ എഐ കാമറ പദ്ധതിയിൽ ബന്ധപ്പെട്ട കമ്പനികൾക്ക് കോടതി അനുമതി കൂടാതെ പണം നൽകരുതെന്ന് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്‌പര്യ ഹർജിയിലായിരുന്നു ഡിവിഷൻ ബഞ്ചിന്‍റെ ഈ നടപടി.
'അനുമതി ഇല്ലാതെ പണം നൽകരുത്' : കോടതിയുടെ അനുമതി ഇല്ലാതെ ബന്ധപ്പെട്ട കമ്പനികൾക്ക് പണം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എഐ കാമറയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണമെന്നും ഖജനാവിന് നഷ്‌ടമുണ്ടായിട്ടുണ്ടോ, അധിക സാമ്പത്തിക ബാധ്യതയുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.