എറണാകുളം:താനൂർ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ബോട്ട് ഓപറേറ്റർ മാത്രമല്ല ഉത്തരവാദി, ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.
22 പേരാണ് മരിച്ചത്. സ്വകാര്യ ഓപ്പറേറ്റർ തോന്നും പോലെ പ്രവർത്തിക്കാമെന്നാണോ, ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്ക് ശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി
ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ബെഞ്ച് നിയമ ലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് സർക്കാരിനോട് ചോദിച്ചു. ഇതിനിയും തുടരാൻ അനുവദിക്കാനാകില്ലെന്നും നിയമത്തെ പേടി വരണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു. നിയമ ലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യമുയർത്തിയ കോടതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്‌ച കണ്ടില്ലായെന്ന് നടിക്കാനാകില്ലെന്നും കർശന നിലപാടെടുത്തു.
സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകളുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലും നിയമ ലംഘനം നടക്കുന്നതായി അറിഞ്ഞു. താനൂർ അപകടത്തില്‍ പോർട്ട് ഓഫിസർ അടക്കമുള്ളവരുടെ മൊഴിയെടുക്കണമെന്നും കോടതി പറഞ്ഞു. അപകടത്തില്‍ ചീഫ് സെക്രട്ടറിയെ കക്ഷിയാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.