എറണാകുളം: കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
അതേസമയം, ഇത്തരം നടപടികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ചട്ടങ്ങൾ ഉണ്ടെന്ന് എഎസ്‌ജി കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരാണ് അവ നടപ്പിലാക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും വ്യക്തമാക്കി. വിഷയം ഹൈക്കോടതി വരുന്ന ജൂലൈ ഏഴാം തീയതി വീണ്ടും പരിഗണിക്കും.
പെരുമൺ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ വിനോദയാത്ര പുറപ്പെടുന്നതിനു മുൻപായാണ് ആഘോഷ പരിപാടിക്കിടെ ബസ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്‌തതോടെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു.