എറണാകുളം: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ എസ് ശ്രീശാന്തിന് (S Sreesanth) അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ ആണ് നടപടി. കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദേശം. (Kerala High Court Grand interim bail to S Sreesanth in cheating case)
കേസ് ഒത്തുതീർപ്പായെന്ന് ശ്രീശാന്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കർണാടകയിലെ കൊല്ലൂരില്‍ വില്ല നിർമിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കണ്ണൂർ സ്വദേശി സരീഗ് ബാലഗോപാൽ നൽകിയ പരാതിയിൽ മജിസ്ട്രേറ്റ് കോടതി കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഉത്തരവിട്ടിരുന്നു.
ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായും പരാതിയിലുണ്ടായിരുന്നു. രാജീവ് കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ പറഞ്ഞിരുന്നു.
2019 മാർച്ച് 25 മുതൽ പ്രതികൾ പലതവണ പണം വാങ്ങി. എന്നാൽ നാളിതുവരെയും കെട്ടിട നിർമാണം നടത്തുകയോ സ്പോർട്‌സ് അക്കാദമി ആരംഭിക്കുകയോ ചെയ്യാതിരുന്ന പ്രതികള്‍ പണം തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ടായിരുന്നു.