എറണാകുളം:കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ്. കൊച്ചി തുറമുഖത്തു നങ്കൂരമിട്ട കപ്പൽ തുറമുഖം വിടുന്നത് കോടതി തടഞ്ഞു. അമ്പലമുകൾ എഫ്.എ.സി.ടിയിലേക്ക് സള്‍ഫറുമായി എത്തിയ എം.വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി ഉത്തരവിലൂടെ തടഞ്ഞത്.
കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിപ്പെട്ടു കൊച്ചിയിലെ ഗ്രേസ് യാങ് ഇന്‍റെര്‍നാഷണല്‍ എന്ന സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. സ്ഥാപനത്തിന് നൽകാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നൽകാതെ കപ്പലിനെ തുറമുഖം വിടാൻ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിർദേശം നൽകി.
കോടതി നിർദേശം പതിനഞ്ചു ദിവസത്തിനകം പാലിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാർക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഓൺലൈൻ ഫയലിംഗിൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഓൺലൈനായാണ് സിറ്റിങ്ങ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ കപ്പൽ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിങ്ങ് നടത്തി കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരുമുൾപ്പടെ എല്ലാവരും വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്. ഇതാകട്ടെ കേരള ഹൈക്കോടതിയുടെ പുതിയൊരു ചരിത്രമായി മാറി.
ALSO READ:കൊവിഡ് പിടിപെട്ട അമ്പത് ശതമാനം പേരില്‍ മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം