എറണാകുളം : ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ ഹർജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ജസ്‌റ്റിസ് എ ബദറുദ്ദീന്‍റേതാണ് ഉത്തരവ്.
ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി - ഹൈക്കോടതി ജാമ്യം റദ്ദാക്കി
കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയും സർക്കാരും നൽകിയ ഹർജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്
അറസ്‌റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോഴിക്കോട് സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെയായിരുന്നു സർക്കാരിന്‍റെയും പരാതിക്കാരിയുടെയും അപ്പീലുകൾ. മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമത്തിനെതിരാണ്.
സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അനുചിതമാണെന്നും സർക്കാർ വാദിച്ചിരുന്നു. നേരത്തെ മറ്റൊരു ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ ഇരയുടെ വസ്‌ത്രം പ്രകോപനമുണ്ടാക്കുന്നതായിരുന്നുവെന്ന കീഴ്‌ക്കോടതി പരാമർശം ഹൈക്കോടതി നീക്കം ചെയ്‌തിരുന്നു.