എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ സ്വമേധയ എടുത്ത കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ല പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫിസറും കോടതിയില്‍ നേരിട്ട് ഹാജരായപ്പോഴാണ് വിമര്‍ശനം. എത്ര പൊലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.
പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.
നാടകമായിരുന്നില്ലേ അവിടെ നടന്നതെന്ന് ചോദിച്ച ഹൈക്കോടതി, ഒന്ന് തല്ലിക്കോ എന്ന സമീപനം പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി എന്നും കുറ്റപ്പെടുത്തി. കോടതിയിലും ലേബര്‍ ഓഫിസറിന് മുന്‍പിലും തോറ്റാല്‍ തൊഴിലാളി യൂണിയനുകള്‍ എല്ലാം സ്വീകരിക്കുന്ന നടപടിയാണ് ഇതെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടെങ്കിലും അതിനെ മറികടന്ന് ആര്‍ക്കും എന്തും ചെയ്യാമെന്ന സന്ദേശമാണ് ഈ സംഭവം സമൂഹത്തിന് നല്‍കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
പൊലീസിന്‍റെ ഭാഗത്ത് കൃത്യവിലോപമുണ്ടായി. അടിയേറ്റത് ബസ് ഉടമയ്‌ക്കല്ല, ഹൈക്കോടതിയുടെ മുഖത്താണെന്നും സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. ബസുടയ്‌ക്ക് നേരെ അക്രമം ഉണ്ടായ സംഭവത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് സത്യവാങ്‌മൂലം നല്‍കാന്‍ ഡിവൈഎസ്‌പിക്കും കോടതി നിര്‍ദേശം നല്‍കി. വരുന്ന 18ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Also Read :തിരുവാർപ്പിൽ ബസ് ഉടമയെ കൈയ്യേറ്റം ചെയ്‌ത സംഭവം : സിഐടിയു നേതാവ് അറസ്റ്റിൽ