എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ വിവാദ തീരുമാനങ്ങൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററിനോടും വിശദീകരണം തേടി. രണ്ടാഴ്‌ചക്ക് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും. ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡി.സോളിസിറ്റര്‍ ജനറല്‍ കെ. നടരാജാണ് ഹാജരായത്.
വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ അതുവരെ നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. ഇത് നയപരമായ കാര്യമാണെന്നും വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലക്ഷദ്വീപ് ഡെവലപ്മെന്‍റ് അതോരിറ്റി റെഗുലേഷൻ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലിയാണ് കോടതിയെ സമീപ്പിച്ചത്.