കേരളം

kerala

ETV Bharat / state

പെന്‍ഷന്‍ 50% വിതരണം ചെയ്യണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയുടേത് മോശം മാനേജ്മെന്‍റ്. 198 വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പകുതി പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. രൂക്ഷ വിമർശനവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ksrtc  kerala high court  kerala government  verdict  retired employees  pension and allowance  management  കെ എസ്ആർ ടി സി  ഹൈക്കോടതി  ഇടക്കാല ഉത്തരവ്  പെൻഷൻ ആനുകൂല്യങ്ങൾ
KSRTC

By

Published : Feb 14, 2023, 5:26 PM IST

Updated : Feb 14, 2023, 6:03 PM IST

എറണാകുളം: കോടതിയെ സമീപിച്ച 198 വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പകുതി പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ സിംഗിൾ ബഞ്ചിന്‍റേതാണ് വിധി. ഈ മാസം തന്നെ ആനുകൂല്യങ്ങൾ കെ.എസ്.ആർ.ടി.സി വിതരണം ചെയ്യണമെന്നും ഹൈക്കോടതി കർശന നിർദേശിച്ചു.

എന്നാൽ ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെ.എസ്.ആർ.ടി.സിയുടെ നിലപാട് കോടതി രേഖപ്പെടുത്തിയെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല. മോശം മാനേജ്മെന്‍റാണ് കെ.എസ്.ആർ.ടി.സിയുടേതെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്ന ചോദ്യവും ഉന്നയിച്ചു.

കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ചു കഴിഞ്ഞുവെന്നും പെൻഷൻ ആനുകൂല്യത്തിനായി മാറ്റിവയ്ക്കാനായില്ലെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമെന്നു് കോടതി വിലയിരുത്തി. വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെ.എസ്.ആർ.ടി.സി മാറ്റി വയ്ക്കാത്തതിലും കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. രണ്ട് ലക്ഷമെങ്കിലും സമാശ്വാസമായി നൽകണമെന്ന കോടതി മുന്നോട്ടു വച്ച നിർദേശവും നിലവിലെ സാഹചര്യത്തിൽ നടപ്പാക്കാനാകില്ലെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ നിലപാട്.

ഹർജികൾ ഹൈക്കോടതി 28ന് വീണ്ടും പരിഗണിക്കും. എന്നാൽ സിംഗിൾ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി അപ്പീൽ നൽകിയേക്കും. കോടതിയെ സമീപിച്ചവർക്ക് മാത്രം ആനുകൂല്യം വിതരണം ചെയ്യാനുത്തരവിട്ടത് വിവേചനമാണെന്നാകും അപ്പീലിലെ വാദം. 2022 ജനുവരി മുതൽ ഡിസംബർവരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെ.എസ്.ആർ.ടി.സി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. മൊത്തം 68.23 കോടി രൂപയാണ് പെൻഷൻ ആനുകൂല്യ വിതരണത്തിനായി കെ.എസ്.ആർ ടിസിക്ക് ആവശ്യമായി വരിക.

Last Updated : Feb 14, 2023, 6:03 PM IST

ABOUT THE AUTHOR

...view details