എറണാകുളം : സാങ്കേതിക സർവകലാശാല താത്‌കാലിക വിസി നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മറുപടി സത്യവാങ്‌മൂലം നവംബർ 16നുള്ളില്‍ സമർപ്പിക്കാൻ ഗവർണർ അടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നിർദേശം നൽകി. ഗവർണർ സ്വന്തം ഇഷ്‌ടപ്രകാരം നടത്തിയ, ഡോ. സിസ തോമസിന്‍റെ നിയമനം നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാരിന്‍റെ ഹർജി.
കെടിയു താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ ഹർജി നൽകാൻ പ്രഥമ ദൃഷ്‌ട്യാ സർക്കാരിന് സാധിക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഫയലിൽ സ്വീകരിച്ചത്. വ്യവഹാരങ്ങൾ പെരുകുകയാണ്. വ്യവഹാരങ്ങളും തർക്കങ്ങളും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.