എറണാകുളം:വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. തൃശൂർ കൂനംമൂച്ചി സ്വദേശി വിൻസനാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം നടത്തിയെന്നാണ് കേസ്.
വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം; പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി - ജസ്റ്റിസ് കൗസർ എടപ്പഗത്ത്
വളര്‍ത്തുനായയുമായി ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി അതിക്രമം കാണിച്ചത്. ഇയാളുടെ മാനസിക വെല്ലുവിളി കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതിയുടെ മാനസിക വെല്ലുവിളിയും കഴിഞ്ഞ മാസം 22 മുതൽ റിമാൻഡില്‍ ആണെന്നതും പരിഗണിച്ചാണ് ജാമ്യം. സ്റ്റേഷനിലെ പൊതുമുതൽ നശിപ്പിച്ച വകയിൽ 15,000 രൂപ കെട്ടിവയ്ക്കാനും കോടതി ഉത്തരവിട്ടു. ഒരു ലക്ഷം രൂപ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിയ്ക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം നൽകിയത്. പ്രതിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ ഭാര്യയോടും സഹോദരനോടും കോടതി നിർദേശിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 22നാണ് കേസിനാസ്‌പദമായ സംഭവം. വളർത്തുനായയുമായി ഗുരുവായൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ച് കയറിയ പ്രതി സ്റ്റേഷൻ ഗേറ്റ് നശിപ്പിക്കുകയും നായയെ സ്റ്റേഷനിലേയ്ക്ക് തുറന്നുവിടാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കുകയുമാണ് ചെയ്‌തത്. വാഹനാപകടം, ദമ്പതികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളിലെടുത്ത കേസുകളിൽ ഇയാളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം. അതിക്രമം തടയാൻ ശ്രമിച്ച പൊലീസുകാരനെ പ്രതി ചവിട്ടി വീഴ്ത്തുകയും ചെയ്‌തിരുന്നു.