കേരളം

kerala

ETV Bharat / state

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്‍റെ അനുമതി വേണ്ട:​ ഹൈക്കോടതി - മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനം

പുരുഷന്മാർക്കു വിവാഹ മോചനത്തിനായി ത്വലാഖ് സമ്പ്രദായമുള്ളത് പോലെ സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും കോടതി മുഖാന്തരമല്ലാതെ വിവാഹബന്ധം വേര്‍പ്പെടുത്താനാവുന്ന ഇസ്‌ലാമിക നിയമമാണ് ഖുൽഅ്

Islam women divorce  High Court order  High Court order in Islam women divorce  മുസ്‌ലിം സ്‌ത്രീക്ക് വിവാഹ മോചനം  ഹൈക്കോടതി  ഖുല നിയമ  ഖുല്‍അ്‌  ഖുല്‍അ്‌ നിയമം  മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനം
മുസ്‌ലിം സ്‌ത്രീകളുടെ വിവാഹ മോചനം; ഭര്‍ത്താവിന്‍റെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി

By

Published : Nov 2, 2022, 1:32 PM IST

Updated : Dec 1, 2022, 4:54 PM IST

എറണാകുളം:ഭര്‍ത്താവിന്‍റെ സമ്മതമില്ലാതെ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഖുല്‍അ് (ഖുല എന്നും അറിയപ്പെടുന്നു) പ്രകാരം വിവാഹ മോചനം നേടാവുന്നതാണെന്നും ഇസ്‌ലാമിക നിയമം അത് അംഗീകരിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താഖ്, സി.എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.

മുസ്‌ലിം സ്‌ത്രീകള്‍ക്ക് ഖുല്‍അ് മുഖേന വിവാഹ ബന്ധം വേര്‍പ്പെടുത്താമെന്ന ഉത്തരവ് പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സ്ത്രീക്ക് വിവാഹ മോചനം നേടാൻ ഭർത്താവിനോട് ഖുല്‍അ് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഭർത്താവ് അനുമതി നൽകാൻ തയ്യാറായാല്‍ മാത്രമെ വിവാഹ മോചനം നടപ്പാകുവെന്നും എതിര്‍ കക്ഷി വാദിച്ചു. എന്നാൽ ഇസ്‌ലാം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹ മോചന മാർഗത്തിന് ഭർത്താവിന്‍റെ സമ്മതവുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹ മോചനം ഭാര്യ പ്രഖ്യാപിക്കണം, വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളും മറ്റും തിരിച്ചു നൽകാൻ സമ്മതം അറിയിക്കണം, ഖുൽഅ്‌ മാർഗം സ്വീകരിക്കും മുമ്പ് സാധ്യമായ ഒത്തുതീർപ്പ് ശ്രമം നടന്നിരിക്കണം എന്നിവയാണ് ഖുൽഅ്‌ പ്രകാരമുള്ള വിവാഹമോചനത്തിന് അനിവാര്യമായ ഘടകങ്ങൾ. എന്നാല്‍ മുസ്‌ലിം സ്‌ത്രീകളുടെ വിവാഹമോചന ആവശ്യം ഭർത്താവ് നിരസിച്ചാൽ വിവാഹ മോചനം നേടാൻ പിന്നെ മാർഗമെന്തെന്ന് ഖുർആനിലും പ്രവാചക ചര്യയിലും വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം തേടാനുള്ള മറ്റൊരു നിയമ സംവിധാനം ചൂണ്ടിക്കാണിക്കാന്‍ ഹർജികാര്‍ക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഖുൽഅ് സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹ മോചനം നേടാൻ അവകാശം നൽകുന്ന അനുവദനീയ മാർഗം തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഖുൽഅ് മാർഗത്തിന് സാധ്യതയുണ്ടായിരിക്കെ വിവാഹ മോചനത്തിനായി സ്ത്രീക്ക് ജുഡീഷ്യല്‍ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹ മോചനം കോടതി നടപടികളിലൂടെ മാത്രം നടപ്പാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളിൽ വിവാഹ മോചനത്തിന് മുസ്‌ലിം സ്ത്രീക്ക് ഖുല രീതിയെ ആശ്രയിക്കാമെന്ന് 2021 ഏപ്രിലില്‍ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Last Updated : Dec 1, 2022, 4:54 PM IST

ABOUT THE AUTHOR

...view details