എറണാകുളം : സംസ്ഥാനത്തെ സർവകലാശാലകളിലെ എട്ട് വിസിമാർക്ക് അതത് തസ്‌തികകളിൽ തത്കാലം തുടരാമെന്ന് ഹൈക്കോടതി. നിയമപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ മാത്രമേ വിസിമാരെ നീക്കം ചെയ്യാൻ കഴിയൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു.
കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന ഗവർണറുടെ കത്ത് അസാധുവായി. കാരണം കാണിക്കൽ നോട്ടിസ് പ്രകാരം ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ അതത് സ്ഥാനങ്ങളിൽ തുടരാൻ വൈസ് ചാൻസലർമാർക്ക് അർഹതയുണ്ട്.
നവംബർ മൂന്ന് വരെയാണ് എന്തുകൊണ്ട് പുറത്താക്കരുതെന്നുള്ള കാരണം കാണിക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ സമയം നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച ശേഷമേ വിസിമാർക്കെതിരെ നടപടിയെടുക്കാൻ കഴിയൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിനെതിരെ എട്ട് വൈസ് ചാൻസലർമാർ നൽകിയ അടിയന്തര ഹർജി പ്രത്യേക സിറ്റിങ്ങിലൂടെ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച്. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് വിസിമാർ കോടതിയെ അറിയിച്ചു.
Also Read: വി.സിമാര്‍ക്ക് നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസെന്ന് ഗവര്‍ണര്‍, നവംബർ 3നുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ പുറത്ത്
തങ്ങളെ കേൾക്കാൻ ചാൻസലർ സമയം തന്നില്ല. വൈസ് ചാൻസലറെ നീക്കുന്നതിന് ചട്ടങ്ങളിൽ കൃത്യമായ വ്യവസ്ഥകള്‍ ഉണ്ട്. അവയുടെ പരിധിയിൽ വരുന്നതല്ല ചാൻസലറുടെ നടപടി. സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ നീക്കാന്‍ സാധിക്കൂ. അല്ലെങ്കിൽ നോട്ടിസ് നൽകാൻ തയാറാകണം. ഹർജി ഫയല്‍ ചെയ്‌ത ശേഷം ചാൻസലർ കാരണം കാണിക്കല്‍ നോട്ടിസ് നൽകിയത് പുതിയ നീക്കം ആണ്. ചാൻസലറുടെ കാരണം കാണിക്കൽ നോട്ടിസ് ആരുടെയോ ഉപദേശപ്രകാരമാണെന്നും വിസിമാർ വാദിച്ചു.
സാങ്കേതിക സർവകലാശാല ഉൾപ്പടെ ഒൻപത് വിസിമാർ ഇന്ന് രാവിലെ 11.30ന് മുൻപ് രാജി വയ്ക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ നൽകിയ അന്ത്യശാസനം. സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇതിനെതിരെയാണ് മറ്റ് എട്ട് സർവകലാശാല വിസിമാരും ഹൈക്കോടതിയെ സമീപിച്ചത്.