കേരളം

kerala

ETV Bharat / state

'അവിവാഹിതരായ അമ്മയുടെ മക്കളും രാജ്യത്തെ പൗരർ, സർട്ടിഫിക്കറ്റുകളിൽ നിന്നും അച്ഛന്‍റെ പേര് നീക്കം ചെയ്യണം': ഹൈക്കോടതി

അച്ഛൻ ആരെന്നറിയാത്ത യുവാവിന്‍റെ ജനന സർട്ടിഫിക്കറ്റിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും അച്ഛന്‍റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താനും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ അനുമതി നൽകി.

Kerala high court unwed mothers  children of unwed woman mother name alone in documents  അവിവാഹിതരായ അമ്മയുടെ മക്കളും രാജ്യത്തെ പൗരർ  സർട്ടിഫിക്കറ്റുകളിൽ അമ്മയുടെ പേര്  കേരള ഹൈക്കോടതി ഉത്തരവ് ജനന സർട്ടിഫിക്കറ്റ്
'അവിവാഹിതരായ അമ്മയുടെ മക്കളും രാജ്യത്തെ പൗരർ, സർട്ടിഫിക്കറ്റുകളിൽ നിന്നും അച്ഛന്‍റെ പേര് നീക്കം ചെയ്യണം': കേരള ഹൈക്കോടതി

By

Published : Jul 24, 2022, 5:44 PM IST

Updated : Jul 25, 2022, 2:42 PM IST

എറണാകുളം: അവിവാഹിതരായ അമ്മമാരുടെയും ബലാത്സംഗത്തിന് ഇരകളായവരുടെയും മക്കൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം, സ്വകാര്യത, അന്തസ് എന്നീ മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പങ്കാളിയില്ലാതെ ഒറ്റയ്ക്ക് വളർത്തുന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലടക്കം അമ്മയെ ഏക രക്ഷകർത്താവായി രേഖപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും മറ്റനുബന്ധ രേഖകളിലും പിതാവിന്‍റെ പേരിനു പകരം മാതാവിനെ ഏക രക്ഷകർത്താവായി രേഖപ്പെടുത്താനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണന്‍റെ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

അവിവാഹിതരായ അമ്മമാരുടെ മക്കളും രാജ്യത്തെ പൗരന്മാരാണ്. ഭരണഘടന അവർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കാൻ ആർക്കും കഴിയില്ല. ആർക്കും അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറാൻ അവകാശമില്ല. അങ്ങനെയുണ്ടായാൽ ഈ രാജ്യത്തെ ഭരണഘടന കോടതി അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്നും ജൂലൈ 19ന് പ്രസ്‌താവിച്ച വിധിയിൽ കോടതി വ്യക്തമാക്കി.

മാതാവിനെ ഏക രക്ഷകർത്താവായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് അവിവാഹിതയായ സ്‌ത്രീയും മകനും സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ. മകന്‍റെ മൂന്ന് സർട്ടിഫിക്കറ്റുകളിലും അച്ഛന്‍റെ പേര് മൂന്ന് രീതിയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഓഫിസിൽ ഹർജിക്കാരന്‍റെതായി സൂക്ഷിച്ചിരിക്കുന്ന ജനന രജിസ്റ്ററിൽ നിന്ന് പിതാവിന്‍റെ പേര് ഒഴിവാക്കാനും നീക്കം ചെയ്യാനും ഹർജിക്കാർ ആവശ്യപ്പെടുകയാണെങ്കിൽ അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സർട്ടിഫിക്കറ്റ് നൽകാനും കോടതി ജനന-മരണ രജിസ്‌ട്രാർക്ക് നിർദേശം നൽകി.

അവിവാഹിതരായ അമ്മമാരുടെയും, പീഡനത്തിനിരയായവരുടെയും കുട്ടികളെ സമൂഹം അവഗണനയോടെ കാണരുതെന്നും അത്തരം കുട്ടികളുടെ ആത്മാഭിമാനവും അവകാശങ്ങളും നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയും ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവർ അവിവാഹിതരായ അമ്മയുടെ മാത്രമല്ല, മഹത്തായ ഇന്ത്യയുടെയും മക്കളാണ്. മഹാഭാരത കഥയിലെ കര്‍ണന്‍റെ ദുരിതപര്‍വം വിവരിക്കുന്ന ഭാഗങ്ങളും ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞു. പുതിയ കാലത്തെ കര്‍ണന്മാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും, ഭരണഘടന കോടതികളും ഉറപ്പാക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

തുടർന്ന് ഹർജിക്കാരന്‍റെ ഔദ്യോഗിക രേഖകളിൽനിന്നും ഡാറ്റാബേസുകളിൽ നിന്നും പിതാവിന്‍റെ പേര് നീക്കം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്, ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ്,യുഐഡിഎഐ, ഐടി വകുപ്പ്, പാസ്‌പോർട്ട് ഓഫിസർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്‌ക്കും കോടതി നിർദേശം നൽകി.

Last Updated : Jul 25, 2022, 2:42 PM IST

ABOUT THE AUTHOR

...view details