എറണാകുളം:നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകൾ പിൻവലിക്കും. തിങ്കളാഴ്‌ചയോടെ വിദ്യാഭ്യാസ വകുപ്പിന്‍റെ വിവാദ ഉത്തരവുകളെല്ലാം പിൻവലിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത് (Kerala govt in hc students will not be participate in navakerala sadas).
നവകേരള സദസിനായി വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കം വിവാദമായ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവുകളെല്ലാം പിൻവലിക്കാനുള്ള സർക്കാർ നീക്കം. നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്നും വിവാദ ഉത്തരവുകളെല്ലാം തിങ്കളാഴ്‌ചയോടെ പിൻവലിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ ചോദ്യം ചെയ്‌ത് കാസർകോട് സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഉപഹർജിയിലാണ് സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കൽ. നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിനെതിരായ നേരത്തെയുള്ള ഹർജിയിലാണ് ഉപഹർജി സമർപ്പിക്കപ്പെട്ടത്.
കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്‌തായിരുന്നു ഉപഹർജി. നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവുൾപ്പെടെ ഉടൻ പിൻവലിക്കുമെന്നാണ് സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും തിങ്കളാഴ്‌ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ALSO READ:നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ : പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ റെഡ് സിഗ്‌നല്‍