കേരളം

kerala

ETV Bharat / state

കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി: നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - ഹൈക്കോടതി വാര്‍ത്തകള്‍

നിക്ഷേപം തിരിച്ചു കൊടുക്കാനായി കേരള ബാങ്ക് കൂടാതെ മറ്റു ബാങ്കുകളിൽ നിന്നുമായി 50 കോടി രൂപ വായ്‌പ സമാഹരിക്കും. കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ആസ്‌തികള്‍ പണയം വച്ചായിരിക്കും വായ്‌പ വാങ്ങുക. ഇത്തരത്തിൽ ലഭിക്കുന്ന തുക മുൻഗണന ക്രമപ്രകാരം നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Karuvannur bank crisis  കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി  കേരള സഹകരണ ബാങ്ക് വാര്‍ത്തകള്‍  ഹൈക്കോടതി വാര്‍ത്തകള്‍  news related to Kerala high court
കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി: നിക്ഷേപകര്‍ക്ക് വായ്‌പയെടുത്ത് പണം തിരിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By

Published : Aug 10, 2022, 9:04 PM IST

എറണാകുളം:കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് കേരള ബാങ്കിൽ നിന്നടക്കം വായ്‌പ സ്വീകരിച്ച് തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചതായും പ്രതിസന്ധി പരിഹരിക്കാൻ 40 കോടി രൂപ ആവശ്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നിക്ഷേപം തിരിച്ചു കൊടുക്കാനായി കേരള ബാങ്ക് കൂടാതെ മറ്റു ബാങ്കുകളിൽ നിന്നുമായി 50 കോടി രൂപ വായ്‌പ സമാഹരിക്കും. കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ആസ്‌തികള്‍ പണയം വച്ചായിരിക്കും വായ്‌പ വാങ്ങുക. ഇത്തരത്തിൽ ലഭിക്കുന്ന തുക മുൻഗണന ക്രമപ്രകാരം നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുൻഗണന ക്രമം നിശ്ചയിക്കാൻ സർക്കാർ 12 ദിവസം സാവകാശം തേടിയിട്ടുണ്ട്. അതേസമയം പണം തിരിച്ചു നൽകാനുള്ള കൃത്യമായ നടപടി ക്രമങ്ങൾ എന്തെന്ന്‌ കോടതി സർക്കാരിനോട് ആരാഞ്ഞു. ടോക്കൺ അടിസ്ഥാനത്തിൽ പണം നൽകുന്ന നടപടി നിർത്തി വച്ചിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ അടിയന്തര ആവശ്യമുള്ളവർക്ക് പണം പിൻവലിക്കാനായി രേഖാമൂലം ബാങ്കിനെ സമീപിക്കാമെന്നും ഇതിന്‍റെ വിവരങ്ങൾ യഥാസമയം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.

നിക്ഷേപകരും ബാങ്കിന് പണം നൽകാനുള്ളവരും സമർപ്പിച്ച വിവിധ ഹർജികൾ രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കുമ്പോൾ നടപടികളുടെ പുരോഗതി അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

ABOUT THE AUTHOR

...view details