കേരളം

kerala

ETV Bharat / state

വിശപ്പുരഹിത കേരളം; അതിഥി തൊഴിലാളികൾക്കും കേരളത്തിൽ ഇനി റേഷൻ കാർഡ് - വിശപ്പുരഹിത കേരളം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി റേഷന്‍ കാര്‍ഡ് വിതരണത്തിനു തുടക്കമായി. അസമീസ്, ബംഗാളി, തമിഴ്, ഹിന്ദി, കന്നഡ, ഒറിയ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനം പെരുമ്പാവൂരിൽ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു

perumbavoor  അതിഥി തൊഴിലാളി  കേരളം  ജി ആര്‍ അനില്‍  റേഷന്‍ റൈറ്റ് കാര്‍ഡ്  വിശപ്പുരഹിത കേരളം  ഓണ സമ്മാനം
kerala goverment

By

Published : Aug 14, 2023, 4:32 PM IST

മന്ത്രി ജി ആര്‍ അനില്‍

എറണാകുളം: സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി റേഷന്‍ കാര്‍ഡ് വിതരണത്തിനു തുടക്കമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന മുൻഗണന വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡുള്ള തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാക്കുന്നതിനാണ് റേഷൻ റൈറ്റ് കാർഡ് നൽകുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ കൈവശമുളള ആധാര്‍കാര്‍ഡ് വഴി റേഷന്‍ കടകളില്‍ നിന്നും എന്‍എഫ്എസ്എ വിഭാഗത്തിലുളള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനായി വിവരം നല്‍കുന്നതാണ് റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി. ഇതിന്‍റെ ഭാഗമായി അസമീസ്, ബംഗാളി, തമിഴ്, ഹിന്ദി, കന്നഡ, ഒറിയ ഭാഷകളില്‍ തയ്യാറാക്കിയിട്ടുളള റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനം പെരുമ്പാവൂരിൽ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലയാളികള്‍ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത് എന്നാണ്.

ആ ലക്ഷ്യത്തില്‍ ഊന്നിയാണ് അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇത് അതിഥി തൊഴിലാളികള്‍ക്കുള്ള കേരളത്തിന്‍റെ ഓണ സമ്മാനമാണെന്നും മന്ത്രി പറഞ്ഞു. വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനകം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.

സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ സര്‍വേയിലൂടെ കണ്ടെത്തിയിരുന്നു. അതില്‍ ഏഴായിരത്തോളം പേര്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലായിരുന്നു. എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ഇതിനകം ലഭ്യമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം ദാരിദ്ര്യ വിഭാഗത്തിലുളള (എന്‍.എഫ്.എസ്.എ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഏത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് റേഷന്‍ വ്യാപാരികള്‍ക്കും അതിഥി തൊഴിലാളിള്‍ക്കും കാര്യമായ ധാരണയില്ല. ഇതേ കുറിച്ച് അറിവ് പകരുകയും അതുവഴി അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

അസമീസ്, ബംഗാളി, തമിഴ്, ഹിന്ദി, കന്നഡ, ഒറിയ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ആധാർ കാർഡുമായി റേഷനിങ് ഓഫിസുകളിൽ എത്തിയാൽ അതിഥി തൊഴിലാളികൾക്ക് അർഹരാണെങ്കിൽ റേഷൻ റൈറ്റ് കാർഡ് ലഭ്യമാകും.

പെരുമ്പാവൂരിൽ ഇതിനകം 230 അതിഥി തൊഴിലാളികൾക്കാണ് റേഷൻ റൈറ്റ് കാർഡ് നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ അർഹരായ കൂടുതൽ പേർ കാർഡിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഹരായ തൊഴിലാളികളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ അവരവരുടെ സംസ്ഥാനത്ത് ആണെങ്കിൽ, അവർക്ക് അവരുടെ റേഷൻ വിഹിതം അവിടെ വച്ചും ഇവിടെയുള്ളവർക്ക് ഇവിടെ വച്ചും റേഷൻ വാങ്ങാൻ കഴിയും.

റേഷന്‍ വാങ്ങാനെത്തുന്ന അതിഥി തൊഴിലാളികള്‍ റേഷൻ റൈറ്റ് കാർഡിനൊപ്പം ആധാറും കൈയില്‍ കരുതണം. എല്ലാ മാസത്തിലെയും ആദ്യദിവസം അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാന്‍ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ : Onam special Rice Distribution | ഓണം സ്‌പെഷ്യൽ അരി വിതരണം ഇന്ന് മുതൽ: ആനുകൂല്യം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് മാത്രം

ABOUT THE AUTHOR

...view details