എറണാകുളം:സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ്, പത്താം പ്രതി റബിൻസ് ഹമീദ് എന്നിവർ യുഎഇയിൽ അറസ്റ്റിലായെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയ്ക്ക് എതിരെ നൽകിയ എതിർ സത്യവാങ് മൂലത്തിലാണ് എൻഐഎ ഈ കാര്യം വ്യക്തമാക്കിയത്. സ്വർണക്കടത്ത് കേസിൽ പ്രതികളാക്കപ്പെട്ട ആറു പേർ വിദേശത്തായതിനാൽ ഇവരെ നാട്ടിലെത്തിക്കുന്നതിന് പ്രതികളായ ഫൈസൽ ഫരീദ്, റാബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമ്മദ് കുട്ടി, രാജു, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു.
സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദും റബിന്‍സും അറസ്റ്റിലായെന്ന് എൻഐഎ - സ്വർണക്കടത്ത് കേസ്
ഒളിവിലായിരുന്നവർക്ക് എതിരെ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു.
![സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദും റബിന്‍സും അറസ്റ്റിലായെന്ന് എൻഐഎ Faisal Fareed arrested in UAE Kerala gold smuggling case ഫൈസൽ ഫരീദും റബിന്‍സും അറസ്റ്റിലായെന്ന് എൻഐഎ എൻഐഎ സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9072500-374-9072500-1601985007687.jpg)
കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും റമീസുമാണെന്ന് എൻഐഎ പറഞ്ഞു. ഗൂഢാലോചന നടന്നത് വിദേശത്ത് വെച്ചാണെന്നും എതിർ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കോടതി നിർദ്ദേശപ്രകാരം കേസ് ഡയറി കോടതിയിൽ സമർപ്പിച്ചു. പരിശോധനക്ക് ശേഷം ഡയറി തിരിച്ച് നൽകാമെന്നും കോടതി അറിയിച്ചു. കേസ് നാളത്തേക്ക് മാറ്റണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എഫ്.ഐ.ആറിലെ ഭീകരവാദ സംഘടനക്കുള്ള സാമ്പത്തിക സഹായം എന്ന കുറ്റാരോപണത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് എൻ.ഐ.എയോട് കോടതി ചോദിച്ചു. ഇക്കാര്യം നാളെ വിശദീകരിക്കാമെന്ന് എൻ.ഐ.എക്ക് വേണ്ടി ഓൺലൈനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. തുടർന്ന് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി.