എറണാകുളം: സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നരയോടെയാണ് വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. ഒഡിഷയിലെ കലിംഗനഗർ ടാറ്റ സ്‌റ്റീൽ പ്ലാന്‍റിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഓക്‌സിജൻ കൊണ്ടുവന്നത്.
ഡൽഹിയിലേക്ക് എത്തിക്കാൻ സജ്ജമാക്കിയ ലോഡ് അവിടെ ഓക്‌സിജന്‍റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ എത്തിച്ചത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നുപോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമാകുമെന്ന് ആശങ്കയുണ്ടായിരുന്നു.