എറണാകുളം:കോതമംഗലം മേഖലയിലെ വനാതിർത്തികളില്‍ വന്യമൃഗശല്യത്തില്‍ നിന്നും കർഷകരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ധർണ ഉദ്ഘാടനം ചെയ്‌തു.
വന്യമൃഗശല്യം; കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധര്‍ണയും - kerala congress march
കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ധർണ ഉദ്ഘാടനം ചെയ്‌തു

കാര്‍ഷിക ഉല്‍പന്നങ്ങൾക്ക് ന്യായമായ വില പോലും കിട്ടാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗശല്യം വര്‍ധിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. വനാതിർത്തികളിൽ കിടങ്ങ് കുഴിച്ച് ഫെൻസിങ് നിർമിക്കണമെന്നും കർഷകരോട് മനുഷ്യത്വപരമായ സമീപനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കർഷകരെ ബാധിക്കുന്ന ഈ പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്(എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജങ്‌ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ധർണയിൽ നിയോജക മണ്ഡലം പ്രസിഡന്‍റ് എ.ടി.പൗലോസ് അധ്യക്ഷത വഹിച്ചു.
കോതമംഗലം താലൂക്കിലെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, കവളങ്ങാട്, കോട്ടപ്പടി പഞ്ചായത്തുകളിലെ നിരവധി കർഷകരാണ് വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്നത്.