എറണാകുളം: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് നൽകിയ ഹർജിയിൽ സ്റ്റേ ഇല്ല. ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് ചോദ്യം ചെയ്‌ത് പി.ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരി വെച്ചു. ഇതിനെതിരെയാണ് പി.ജെ ജോസഫ് ഡിവിഷൻ ബെഞ്ചിനെ സമീപ്പിച്ചത്.
പി.ജെ ജോസഫിന്‍റെ ഹർജിയിൽ സ്റ്റേ ഇല്ല; രണ്ടില ചിഹ്നം ജോസിന് തന്നെ
ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സ്റ്റേ നൽകാനാവില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വിശദമായ വാദം കേട്ടതിന് ശേഷം കേസിൽ അന്തിമ ഉത്തരവിറക്കും
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തിൽ ഇടപെടരുതെന്നും കമ്മിഷന്‍റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ. മാണിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ വെള്ളിയാഴ്‌ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ കമ്മിഷന്‍റേത് ഏകകണ്‌ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി പി.ജെ.ജോസഫ് കോടതിയെ സമീപിച്ചു.
ജോസഫിന്‍റെ ഹർജിയിൽ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എന്നാൽ ജോസ് വിഭാഗത്തിന് അനുകൂലമായ ഹൈക്കോടതി വിധിയെ തുടർന്ന് ജോസ് വിഭാഗത്തിന് തന്നെ രണ്ടില ചിഹ്നം തിരിച്ച് നൽകുകയും ചെയ്‌തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ചിഹ്നത്തിന് വേണ്ടി ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിച്ചത്. എന്നാൽ ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സ്റ്റേ നൽകാനാവില്ലെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വിശദമായ വാദം കേട്ടതിന് ശേഷം കേസിൽ ഹൈക്കോടതി അന്തിമ ഉത്തരവിറക്കും.