കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം നേടിയ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം (കെസിആർഎം). കാർട്ടൂണിനെ വിമർശിച്ച സഭാ നിലപാടിനെതിരെ കൊച്ചിയിൽ ബിഷപ് ഹൗസിന് മുമ്പിൽ കെസിആർഎം പ്രതിഷേധം സംഘടിപ്പിച്ചു. പുരസ്കാരം പിൻവലിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്‍റെ നീക്കം മെത്രാന്മാരുടെ വോട്ട് ബാങ്കിലുള്ള തെറ്റായ ധാരണ കൊണ്ടാണെന്ന് കെസിആർഎം ചെയർമാൻ ജോസഫ് വർഗീസ് പറഞ്ഞു.
വിവാദ കാർട്ടൂണിനെ പിന്തുണച്ച് കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം - കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം
കാർട്ടൂണിനെ വിമർശിച്ച സഭാ നിലപാടിനെതിരെ കൊച്ചിയിൽ ബിഷപ് ഹൗസിന് മുമ്പിൽ കെസിആർഎം പ്രതിഷേധിച്ചു.
ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസിൽ ആദ്യം മുതൽ കെസിബിസി (കേരള കത്തോലിക് ബിഷപ് കൗൺസിൽ) സ്വീകരിച്ചത് തെറ്റായ സമീപനമാണ്. ബലാത്സംഗക്കേസിൽ ഫ്രാങ്കോയെ പ്രതി ചേർത്ത ഉടനെ പുറത്താക്കൽ നടപടി സ്വീകരിക്കണമായിരുന്നു. എന്നാൽ കേസ് അട്ടിമറിക്കാനാണ് മെത്രാന്മാർ ശ്രമിച്ചത്. അതേ പിന്തുണ തന്നെയാണ് കാർട്ടൂൺ വിഷയത്തിലും മെത്രാന്മാർ സ്വീകരിച്ചിരിക്കുന്നത്. കന്യാസ്ത്രീകൾ സമരം നടത്തിയത് മൂലമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യറായത്. വിശ്വാസികളുടെ വിമതവികാരത്തെ കാർട്ടൂൺ വ്രണപ്പെടുത്തുകയല്ല ഉൾക്കൊള്ളുകയാണ് ചെയ്തതെന്നും ജോസഫ് വർഗീസ് പറഞ്ഞു. പുരസ്കാരം പിൻവലിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാർ വിമര്‍ശിച്ചു.