സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ സംവിധാനമാണ് കേരള ബാങ്ക് : മന്ത്രി സി രവീന്ദ്രനാഥ് - സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ സംവിധാനമാണ് കേരള ബാങ്ക്
കേരള ബാങ്ക് രൂപീകരണം എന്നതൊരു പദ്ധതി മാത്രമല്ലെന്നും സുപ്രധാനമായ ചുവട് വെയ്‌പ്പാണെന്നും മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു
എറണാകുളം : ലോക സാമ്പത്തിക പ്രതിസന്ധിക്ക് ബദൽ സംവിധാനമാണ് കേരള ബാങ്കെന്ന് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. കൊച്ചി ദർബാർ ഹാൾ മൈതാനത്ത് നടന്ന കേരള ബാങ്ക് രൂപീകരണത്തിന്‍റെ ആഹ്ളാദദിന ബഹുജന കൂട്ടായ്‌മ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണം എന്നതൊരു പദ്ധതി മാത്രമല്ലെന്നും സുപ്രധാനമായ ചുവട് വെയ്‌പ്പാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപം ഏറ്റവും കൂടുതലുള്ള ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ അടിത്തറയും സാമ്പത്തിക അടിത്തറയും പരസ്‌പരം ലയിച്ച ലോകത്തിലെ ആദ്യത്തെ ബാങ്കാണ് കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു. ജോൺ ഫെർണാണ്ടസ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎമാരായ എസ് ശർമ, എം സ്വരാജ് , കെജെ മാക്സി, ആന്‍റണി ജോൺ തുടങ്ങിയവർ പങ്കെടുത്തു. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച ആഘോഷ റാലിയിൽ സഹകരണ ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവര്‍ പങ്കെടുത്തു.