വയനാട്: ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കും പിടിഎക്കും ഡോക്ടർമാർക്കെതിരെയും രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്നും ഇതിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ജസ്റ്റിസ് കെമാൽ പാഷ ഇ ടിവി ഭാരതിനോട് പറഞ്ഞു. പാമ്പ് കടിച്ചപ്പോൾ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോകണമായിരുന്നു. സഹപാഠികൾ ഉൾപ്പടെ പ്രതികരിച്ചിട്ടും അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇത്തരക്കാരെ അധ്യാപകനായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഗുരുവിന് മാതാവും പിതാവും കഴിഞ്ഞ് സ്ഥാനം നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അധ്യാപകർ കൂപമണ്ഡൂകങ്ങളാണെന്നും സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയവർ ശിക്ഷിക്കപ്പെടണമെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.
അഞ്ചാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം; രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ
അധ്യാപകരുടേയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സ്കൂളുകൾ പൂട്ടണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.
സംഭവം നടക്കുമ്പോൾ അധ്യാപകർക്ക് വാഹനങ്ങൾ ഉണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള പ്രധാന ഉത്തരവാദിത്വം അധ്യാപകർക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യമെത്തിച്ച ആശുപത്രിയിലെ ഡോക്ടർ കുട്ടിക്ക് ആൻ്റിവെനം കൊടുത്തതിനുശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാമായിരുന്നു. ഈ നടപടികൾ ഒന്നും അധ്യാപകരുടേയും ഡോക്ടർമാരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ഇത്തരം സ്കൂളുകൾ പൂട്ടണമെന്നും ജസ്റ്റിസ് കെമാൽ പാഷ ആവശ്യപ്പെട്ടു.