കേരളം

kerala

ETV Bharat / state

'കക്കുകളി' നാടകം കേരളത്തിന് അപമാനം; പ്രദര്‍ശനം നിരോധിക്കണം: കെസിബിസി

'കക്കുകളി' എന്ന നാടകത്തിന്‍റെ പ്രദര്‍ശനം നിരോധിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. കന്യാസ്‌ത്രീ മഠങ്ങളെ പീഡന കേന്ദ്രമാക്കി ചിത്രീകരിച്ചിരിക്കുകയാണെന്ന് ആരോപണം. ചരിത്രത്തെ അപനിര്‍മിക്കുന്ന സൃഷ്‌ടികളെ മഹത്വവത്‌കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി.

കക്കുകളി നാടകം നിരോധിക്കണമെന്ന് കെസിബിസി  KCBC wants to ban Kakukali drama  കക്കുകളി  കേരള കത്തോലിക്ക മെത്രാന്‍ സമിതി  കെസിബിസി പ്രസിഡന്‍റ്  കര്‍ദ്ദിനാള്‍ ബസേലിയോസ്  ക്രൈസ്‌തവ വിരുദ്ധ നാടകം  Kakukali drama  KCBC wants to ban Kakukali drama  KCBC
'കക്കുകളി' പ്രദര്‍ശനം നിരോധിക്കണമെന്ന് കെസിബിസി

By

Published : Mar 11, 2023, 3:55 PM IST

എറണാകുളം: 'കക്കുകളി' എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി(കേരള കത്തോലിക്ക മെത്രാന്‍ സമിതി). നാടകത്തിന്‍റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി രംഗത്ത്.

കന്യാസ്‌ത്രീ മഠങ്ങളിലെ ജീവിതം ഇതിവൃത്തമാക്കിയ നാടകത്തിലൂടെ മഠത്തിലേക്ക് കടന്ന് ചെല്ലുന്ന കന്യാസ്‌ത്രീകളായ പെണ്‍കുട്ടികള്‍ മുന്നോട്ട് പോകുന്നത് കഷ്‌ടപാടുകള്‍ നിറഞ്ഞ് ജീവിതത്തിലൂടെയാണെന്നും നാടകം കന്യാസ്‌ത്രീ മഠങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്നും കെസിബിസി പറഞ്ഞു. മാത്രമല്ല കന്യാസ്‌ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കിയാണ് നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് കെസിബിസിയുടെ വാദം. സംഭവത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളുമാണ് ഉയര്‍ന്ന് വരുന്നത്.

കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കക്കുകളി എന്ന നാടകത്തിലെ ക്രൈസ്‌തവ വിരുദ്ധ ഉള്ളടക്കത്തെയും അവഹേളനങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും നാടക അവതരണത്തെ അപലപിക്കുകയും ചെയ്‌തു. വിവിധ മെത്രാന്‍മാരും കെസിബിസി കമ്മിഷന്‍ പ്രതിനിധികളും സന്യാസ സമൂഹങ്ങളുടെ മേലധികാരികളും യോഗത്തില്‍ പങ്കെടുത്തു.

നാടകത്തിനും സാഹിത്യ രചനകള്‍ക്കും എക്കാലവും വ്യക്തമായ സാമൂഹിക പ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍ അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മിക്കുന്നതുമായ സൃഷ്‌ടികളെ മഹത്വവത്‌കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.സി.ബി.സി ചൂണ്ടിക്കാണിച്ചു.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കാനും അവര്‍ക്ക് നീതി നേടി കൊടുക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ സാധ്യതകള്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ട്. അതേസമയം ഉപേക്ഷിക്കപ്പെട്ടവരെയും ദുര്‍ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്‌ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങള്‍ക്കുളളത്. ഇപ്പോഴും കേരള സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്ക സന്യാസിനിമാരാല്‍ പരിരക്ഷിക്കപ്പെടുന്നു.

ഇത്തരത്തില്‍ കേരളത്തില്‍ അതുല്യമായ സേവന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിര കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അന്തര്‍ദേശീയ നാടക മേളയില്‍ ഉള്‍പ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രസ്‌തുത നാടകത്തിന് വലിയ പ്രചാരം നല്‍കി കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്.

ഒരു കഥാകാരന്‍റെ ഭാവന സൃഷ്‌ടിയില്‍ വികലവും വാസ്‌തവ വിരുദ്ധവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി കത്തോലിക്ക സന്യാസത്തിനെതിരെ ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ ദുഷ്പ്രചാരണങ്ങള്‍ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. വാസ്‌തവം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ഇത്തരം വികലമായ സൃഷ്‌ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്‌കാരിക സമൂഹം തയ്യാറാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
ക്രൈസ്‌തവ സഭയെയും സന്യസ്ഥരെയും നാടകത്തിൽ തെറ്റായി അവതരിപ്പിക്കുന്നുവെന്നാണ് ക്രൈസ്‌തവ സംഘടനകളുടെ വിമർശനം.

ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. കന്യാസ്ത്രീ മഠങ്ങൾക്കെതിരായ നാടകം സർക്കാർ ചെലവിൽ അവതരിപ്പിക്കപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്. ഇതോടെയാണ് കേരളത്തിലെ മെത്രാന്മാരുടെ സംയുക്ത വേദിയായ കെ.സി.ബി.സിയും നാടകാവതരണം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

also read:ബഫര്‍ സോണ്‍ : സുപ്രീം കോടതി വഴി ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി

ABOUT THE AUTHOR

...view details