എറണാകുളം:അത്യന്തം വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമന്ന് കെ.സി.ബി.സി. സര്‍ക്കാരിന്‍റെ വിനാശകരമായ മദ്യനയത്തെ കേരള കത്തോലിക്ക സഭയിലെ എല്ലാ രൂപതകളും നഖശിഖാന്തം എതിര്‍ക്കുന്നു. വകതിരിവില്ലാത്ത ഒരു സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെ.സി.ബി.സി ആരോപിച്ചു.
'സര്‍ക്കാരിന്‍റേത് ബാലിശമായ ചിന്താഗതി': ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിത്. മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്‌ക്കാരത്തെ നവോഥാനം എന്ന് എങ്ങനെ പേരുവിളിക്കാന്‍ കഴിയും. സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്‌ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്.
പഴവര്‍ഗങ്ങളില്‍ നിന്നുള്ള മദ്യ ഉത്പാദനം സാവാകാശം വിഷം കുത്തിവയ്ക്കുന്ന ഒരു കുത്സിത ഉപായമാണ്. സ്ത്രികളെ ആയിരിക്കും ഇത്തരം വീര്യംകുറഞ്ഞ മദ്യം ഒരു ദുരന്തമായി ബാധിക്കുക എന്നുള്ളതിന് തര്‍ക്കമില്ല. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്‌ടങ്ങള്‍, അവ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ കാണുവാന്‍ സര്‍ക്കാരിന് കാഴ്ച്ച നഷ്‌ടപ്പെട്ടിരിക്കുന്നു.