എറണാകുളം :നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. നടി കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാൻ കാവ്യ മാധവന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകി.
അതേസമയം, എട്ടാം പ്രതി ദിലീപിൻ്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായി നടത്തിയ ഫോൺ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് സംബന്ധിച്ച് സൂചന നൽകുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്നും കാവ്യയും സുഹൃത്തുക്കളും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇതേതുടർന്ന് അവർ പണി കൊടുത്തുവെന്നാണ് സുരാജ് വ്യക്തമാക്കുന്നത്. ഈ ശബ്‌ദരേഖയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലും കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.