എറണാകുളം:നേര്യമംഗലം ഫാമിലെ കുള്ളൻ പശുക്കൾ കാഴ്‌ച്ചക്കാർക്ക് കൗതുകമായി മാറുകയാണ്. കാസര്‍കോട് ജില്ലയുടെ മലമ്പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന കാസര്‍കോട് കുള്ളൻ പശു എന്ന് വിളിപ്പേരുള്ള എട്ട് കുള്ളന്‍ പശുക്കളെയാണ് നേര്യമംഗലം ഫാമിൽ പുതിയതായി എത്തിച്ചത്. ഇതില്‍ രണ്ട് പശുക്കള്‍ പ്രസവിച്ചു. തീറ്റപ്പുല്ലാണ് ഇവയുടെ പ്രധാന ഭക്ഷണം.
നേര്യമംഗലം ഫാമിൽ കൗതുകമുണർത്തി കാസർകോട് കുള്ളന്‍ പശുക്കൾ - കാസർകോട്
പ്രതിദിനം ഏകദേശം ഒരു ലിറ്റർ മുതൽ മൂന്ന് ലിറ്റര്‍ പാല്‍ മാത്രമേ കുള്ളൻ പശുക്കളിൽ നിന്ന് ലഭിക്കുകയുള്ളൂ
കുള്ളന്‍ പശുക്കളുടെ പരമാവധി ഉയരം 95.33 സെന്‍റീ മീറ്ററാണ്. സാധാരണ നാടന്‍ പശുവിന്‍റെ ഉയരം 152 സെന്‍റീ മീറ്റര്‍ ആണ്. പ്രതിദിനം ഏകദേശം ഒരു ലിറ്റർ മുതൽ മൂന്ന് ലിറ്റര്‍ പാല്‍ മാത്രമേ കുള്ളൻ പശുക്കളിൽ നിന്ന് ലഭിക്കുകയുള്ളൂ. നാടന്‍ പശുക്കള്‍ക്കാകട്ടെ അഞ്ച് മുതല്‍ 12 ലിറ്റര്‍ വരെ പാല്‍ ലഭിക്കും. പാല്‍ കുറവുള്ള കുള്ളന്‍ പശുക്കളുടെ കിടാവിനെ സംരക്ഷിച്ചുപോരുന്നത് മറ്റ് പശുക്കളുടെ പാൽ കൊടുത്താണ്. അതിനാല്‍ തന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.
പെട്ടെന്നു വളരുന്ന ഇനമായതിനാല്‍ മാംസ ഉല്‍പാദനത്തിനും ഉപയോഗിക്കപ്പെടുന്നു. ഇവയുടെ മൂത്രവും ചാണകവും കടല പിണ്ണാക്ക് പൊടി, വേപ്പിന്‍ പിണ്ണാക്ക് പൊടി, മുരിങ്ങാപ്പൊടി എന്നിവയുമായി സംയോജിപ്പിച്ച് പച്ചക്കറിക്കാവശ്യമായ ജൈവ വളവും ഫാമില്‍ തന്നെ ഉണ്ടാക്കുന്നു. സാധാരണ കറുപ്പ് നിറത്തിലാണ് ഇവ കാണപ്പെടുന്നതെങ്കിലും ചുവപ്പിന്‍റെ നിറഭേദങ്ങളും ഇവക്കുണ്ട്. രോഗങ്ങൾ കുറവുള്ള കുള്ളൻ പശുക്കളുടെ പാൽ ഏറെ ഔഷധ ഗുണമുള്ളതാണ്. സ്ഥല സൗകര്യം കുറവുള്ളവർക്ക് വളർത്താനും എളുപ്പമുള്ള ഇനമാണ് കാസർകോട് കുള്ളൻ.