എറണാകുളം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ. സഹകരണ രജിസ്ട്രാർ ടിവി സുഭാഷിന് പുതിയ സമൻസ് അയക്കാൻ ഇഡിയക്ക് ഹൈക്കോടതിയുടെ നിർദേശം. നിലവിലെ സമൻസിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചോദിച്ചിരുന്നു. സമൻസ് മാറ്റി അയക്കാം എന്ന് ഇഡി കോടതിയെ അറിയിച്ചു. സുഭാഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി (Karuvannur Bank Scam Government Files Petition).
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം മുറുകുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ സർക്കാരിന്‍റെ നീക്കം. സഹകരണ രജിസ്ട്രാർ ടിവി സുഭാഷാണ് ഇഡി സമൻസിന്മേലുള്ള തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി ടിവി സുഭാഷിന് പുതിയ സമൻസ് അയക്കാൻ ഇഡിയക്ക് നിർദേശം നൽകി.
ഇത്തരത്തിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടെ ചോദിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി പുതിയ സമൻസ് അയക്കാനാവശ്യപ്പെട്ടത്. സമൻസ് മാറ്റി അയക്കാം എന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം ഇഡി സമൻസ് നിയമ വിരുദ്ധമാണെന്ന് ടിവി സുഭാഷ് കോടതിയെ അറിയിച്ചു.
എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ലെന്നും നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നതെന്നും ഹർജിയിൽ സുഭാഷ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ലക്ഷ്യമെന്നും അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രം ഒതുക്കണമെന്നും ഹർജിയിൽ പറയുന്നു.